ശാന്തിവനത്തിൽ നിർമാണ പ്രവർത്തി അധികകാലം ആയിട്ടില്ലെന്ന് അവിടം സന്ദര്‍ശിച്ചാൽ മനസിലാവും
അപൂർവ മരങ്ങളെ സംരക്ഷിക്കുന്ന ശാന്തിവനം പോലുള്ള പ്രദേശം നശിപ്പിച്ച് കേരളത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നെന്ന് വിശ്വസിക്കാനാവില്ലെന്ന് എഴുത്തുകാരൻ സേതു. ശാന്തിവനത്തിലുടെ 100 കെ വി വൈദ്യുത ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തിൽ ശാന്തിവനം ഉടമയും സമര സമിതി അംഗങ്ങളും വൈദ്യുത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട വാർത്തയോട് പ്രതികരിക്കുകയാരുന്നു അദ്ദേഹം. ജുൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമാണ്, അന്ന് മന്ത്രിമാരുൾപ്പെടെ എല്ലാവരും പോയി മരം നടും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിന്റെ ഭാഗമാവും ആർക്ക് വേണ്ടിയാണ് ഈ ‘ഷോ’ യെന്ന് ചിന്തിക്കണമെന്നും സേതു ആവശ്യപ്പെട്ടു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു പ്രമുഖ വ്യക്തിയുടെ സ്ഥലം സംരക്ഷിക്കാനാണ് 110 കെവി ലൈനിന്റെ അലൈമെന്റ് മാറ്റിയതെന്നാണ് സമര സമിതയുടെ ആരോപണം. എന്നാൽ അതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ല. എന്നാൽ ചില രേഖകൾ ഇത് സൂചിപ്പിക്കുന്നുണ്ട്. ദേശീയ പാതയ്ക്ക് സമീപം കോടികൾ വിലമതിക്കുന്ന സ്ഥലത്താണ് ശാന്തിവനം സ്ഥിതിചെയ്യുന്നത്. അത് റിസോർട്ട് ഉൾപ്പെടെയുള്ള വാണിജ്യാവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാതെയാണ് മുന്നു സ്ത്രീകൾ അടങ്ങുന്നകുടുംബം ചെറിയ വീട്ടിൽ കഴിയുന്നത്. അത്തരം ഒരു കുടുംബത്തെ സംരക്ഷിക്കേണ്ടവരാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
20 വർഷങ്ങളായി നടന്നുവരുന്ന പദ്ധതിയെ ആണ് ഇപ്പോൾ ഏതിക്കുന്നതെന്ന വാദവും സേതു തള്ളി. അവിടെ സന്ദര്‍ശിച്ചാൽ മനസിലാവും ശാന്തിവനത്തിൽ നിർമാണ പ്രവർത്തി അധികകാലം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപൂർവയിനും സസ്യങ്ങൾ ഉൾപ്പെടെ വലിയ പരിസ്ഥിതി പ്രാധാന്യമുള്ള ശാന്തിവനം സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.