UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ ദിനകരനൊപ്പം: നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് സ്റ്റാലിന്‍

19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണറെ അറിയിച്ചതോടെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമായി മാറി

ഇരുവിഭഗങ്ങളുടെ ലയനവും തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെ രക്ഷിക്കില്ലെന്ന് സൂചനകള്‍. ടിടിവി ദിനകരനൊപ്പമുള്ള 19 എംഎല്‍എമാര്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കത്തു നല്‍കിയതാണ് എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. ഇതോടെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്.

ഗവര്‍ണര്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ കൂടുതല്‍ കരുത്ത് തെളിയിക്കാനുള്ള ശ്രമമാകും ഇനി ദിനകരന്‍ നടത്തുക. ജയിലില്‍ കഴിയുന്ന ജനറല്‍ സെക്രട്ടറി വി കെ ശശികലയെയും ദിനകരനെയും പുറത്താക്കിയാണ് അണ്ണാ ഡിഎംകെയിലെ എടപ്പാടി പളനിസാമി, ഒ പനീര്‍സെല്‍വം വിഭാഗങ്ങള്‍ യോജിച്ചത്. ശശികല പലവിധ കേസുകളില്‍പ്പെട്ടിരിക്കുന്നതിനാല്‍ ദിനകരന്‍ കടുത്ത നടപടികള്‍ക്ക് മുതിരില്ലെന്നായിരുന്നു ഔദ്യോഗികപക്ഷം കരുതിയത്. ഈ കണക്കുകൂട്ടലാണ് ഇന്ന് 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതോടെ തകര്‍ന്നത്.

ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ തങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവച്ചതായി എംഎല്‍എമാര്‍ പറഞ്ഞിട്ടില്ല. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പിന്തുണയ്ക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. 234 എംഎല്‍എമാരാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ജയലളിതയുടെ മരണശേഷം ആര്‍കെ നഗറിലെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 117 എംഎല്‍എമാരുടെ പിന്തുണ വേണ്ട അണ്ണ ഡിഎംകെയ്ക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 135 എംഎല്‍എമാരാണ് ഉള്ളത്. 19 പേര്‍ പിന്തുണ പിന്‍വലിക്കുന്നതോടെ പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടും.

ദിനകരനൊപ്പം 18 പേരുണ്ടെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ തനിക്കൊപ്പം 20-25 എംഎല്‍എമാര്‍ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശശികലപക്ഷത്തിന് നിസാരമായി തന്നെ സാധിക്കും. അതേസമയം അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. നിലവിലെ സാഹചര്യത്തില്‍ അണ്ണ ഡിഎംകെയ്ക്ക് നിയമസഭ വിളിച്ചു ചേര്‍ക്കുന്നത് തിരിച്ചടിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍