UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം; ആശുപത്രി മേധാവികളെ ചോദ്യം ചെയ്യും

കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ്, അസീസിയ മെഡിക്കല്‍ കോളേജ്, മെഡിട്രീന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്‌

ചികിത്സ നിഷേധിച്ച രോഗി മരിച്ച സംഭവത്തില്‍ 5 ആശുപത്രി മേധാവികളെയും ചോദ്യം ചെയ്യും. ഇന്നലെ കൊല്ലത്ത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ (33) എന്ന ആള്‍ക്ക് അഞ്ചോളം ആശുപത്രികള്‍ പല കാരണങ്ങള്‍ ചൂണ്ടി കാട്ടി ചികിത്സ നിഷേധിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കി അയ്ച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ആശുപത്രികളെ മേധാവികളെ ചോദ്യം ചെയ്യുന്നത്.

കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ്, അസീസിയ മെഡിക്കല്‍ കോളേജ്, മെഡിട്രീന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി ആശുപത്രി എന്നീ ആശുപത്രികളുടെ മേധാവികളെയാണ് സംഭവത്തില്‍ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദവും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ചികിത്സ നിഷേധിച്ചതിനെ സംബന്ധിച്ചും വെന്റിലേറ്ററുകളുടെ ലഭ്യതയെയും ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം സംബന്ധിച്ചും ആശുപത്രികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ രേഖകളും പോലീസ് പിടിച്ചെടുത്തു കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെപ്പറ്റി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

ആശുപത്രികളുടെ നിലപാട് ഗുരുതര ചട്ടലംഘനമാണെന്ന് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അജിത ബീഗം പറഞ്ഞു. മുരുകന് ചികില്‍സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ ശക്തമായി നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. സുപ്രീം കോടതി വിധിയെയും സര്‍ക്കാര്‍ ഉത്തരവുകളെയും ലംഘിച്ച സ്വകാര്യാശുപത്രികളുടെ നടപടിയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദവും അന്വേഷിക്കണമെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍