UPDATES

യന്ത്രത്തകരാര്‍ അറിഞ്ഞിട്ടും യാത്രക്കാരുടെ ജീവന്‍ പണയംവച്ച് സര്‍വീസ്; കണ്ണൂര്‍-അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കി

പത്തരയ്ക്ക് തിരുവനന്തപുരത്തിറക്കിയ കണ്ണൂര്‍-അബുദാബി വിമാനം തകരാര്‍ പരിഹരിച്ച ശേഷം പന്ത്രണ്ടുമണിക്ക് അബുദാബിയിലേക്ക് പുറപ്പെട്ടു.

യന്ത്രത്തകരാര്‍ അറിഞ്ഞിട്ടും യാത്രകാരുടെ ജീവന്‍ പണയംവച്ച് സര്‍വീസ് നടത്തിയ കണ്ണൂര്‍-അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കി. ഇന്നലെ രാവിലെ ഷാര്‍ജയിലേക്കുള്ള വിമാനം യന്ത്രത്തകരാര്‍ മൂലം വൈകിയപ്പോള്‍ യാത്രക്കാര്‍ കണ്ണൂരില്‍ പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് അബുദാബി വിമാനം ഷാര്‍ജക്ക് പറത്തിയെന്നും, തകരാറുള്ള വിമാനം അബുദാബിയിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട് തിരുവനന്തപുരത്തെത്തിച്ച് അറ്റകുറ്റപ്പണി നടത്തിയെന്നുമാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.

ഇന്നലെ രാവിലെ ആറുമണിക്ക് ഷാര്‍ജയ്ക്ക് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാര്‍ മൂലം വൈകി. തകരാറിലായ വിമാനത്തില്‍ കയറി തിരുവനന്തപുരത്തെത്തി അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലേക്ക് കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചെങ്കിലും യാത്രക്കാര്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് അബുദാബിയിലേക്ക് പോകാനിരുന്ന വിമാനം ഷാര്‍ജയ്ക്ക് വിട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പിന്നാലെ പകരം ഏര്‍പ്പെടുത്തിയ കണ്ണൂര്‍-അബുദാബി വിമാനവും സര്‍വീസ് നടത്തി. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വിമാനത്തിന് തകരാറുണ്ടെന്നും തിരുവനന്തപുരത്തിറക്കുകയാണെന്നും യാത്രക്കാരോട് പറഞ്ഞപ്പോഴാണ് നേരത്തെ അബുദാബിക്ക് പോകേണ്ടിയിരുന്ന തകരാറുള്ള വിമാനമാണിതെന്നാണ് തങ്ങള്‍ക്ക് മനസിലായതെന്ന് യാത്രക്കാര്‍ പ്രതികരിക്കുന്നത്.

പത്തരയ്ക്ക് തിരുവനന്തപുരത്തിറക്കിയ കണ്ണൂര്‍-അബുദാബി വിമാനം തകരാര്‍ പരിഹരിച്ച ശേഷം പന്ത്രണ്ടുമണിക്ക് അബുദാബിയിലേക്ക് പുറപ്പെട്ടു. 183 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 187 പേരുടെ ജീവന്‍ പണയം വച്ച്, അറിഞ്ഞുകൊണ്ട് തകരാറുള്ള വിമാനം അറ്റകുറ്റപ്പണി നടത്താന്‍ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പറത്തിയതിന് വ്യാപക വിമര്‍ശനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ ഉണ്ടായികൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍