UPDATES

അമ്പൂരി കൊലപാതകം: രണ്ടുദിവസത്തിനകം കീഴടങ്ങുമെന്ന് പ്രതിയായ സൈനികന്‍

കമാന്‍ഡിംഗ് ഓഫീസറാണ് അഖിലിനോട് പോലീസിന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.

അമ്പൂരി കൊലപാതകം: രണ്ടുദിവസത്തിനകം കീഴടങ്ങുമെന്ന് പ്രതിയായ സൈനികന്‍. കേസിലെ പ്രതിയായ അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കമാന്‍ഡിംഗ് ഓഫീസറാണ് അഖിലിനോട് പോലീസിന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.

കീഴടങ്ങുമെന്ന് അഖില്‍ ന്യൂസ് 18നോട് വെളിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട രാഖിയെ നാലു വര്‍ഷമായി അറിയാമെന്നും അവരെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും അഖില്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുമെന്ന് രാഖി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഖില്‍ പറയുന്നു. മനോരമ ന്യൂസിനോട് അഖില്‍ പ്രതികരിച്ചത് കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ്.

എറണാകുളത്ത് കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ രാഖിയെ (30) കാണാതായിട്ട് ഒരുമാസമായിരുന്നു. തുടര്‍ന്ന് രാഖിയുടെ മൃതദേഹം അമ്പൂരിനടുത്ത് തോട്ടുമുക്കിന് സമീപം കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. പോലീസ് പറയുന്നത് അനുസരിച്ച്, അഖിലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍വച്ച് സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് രാഖിയെ കൊലപ്പെടുത്തി എന്നാണ്.

ജൂണ്‍ പതിനെട്ടിനാണ് എറണാകുളത്തു നിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ാം തീയതി അഖില്‍ താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിക്കുകയും തുടര്‍ന്ന് നെയ്യാറ്റിന്‍ കരയില്‍ വന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആദര്‍ശ് പിടിയിലായെങ്കിലും രാഹുല്‍ ഒളിവിലാണ്.

രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്് നിഗമനം. കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമവും നടത്തിയിട്ടുണ്ട്. നഗ്‌നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറുകയും മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ കിളച്ച് കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അന്വേഷണം വഴിമുട്ടിക്കാനായി കൊലപാതകത്തിന് ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും അഖിലും സംഘവും അയ്ക്കുകയും ചെയ്തു.

ഫോണ്‍കോള്‍ അന്വേഷണത്തില്‍ നിന്നാണ് അഖിലുമായുള്ള ബന്ധത്തെപ്പറ്റി പോലീസ് അറിയുന്നത്. കഴിഞ്ഞ 27-ന് അഖിലേഷ് ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പോലീസിനു ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തായ ആദര്‍ശ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. കൊലപാതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചതും മൃതദേഹം കണ്ടെടുക്കാന്‍ സാധിച്ചതും ആഴ്ചകള്‍ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ്.

Read: രാജ്യസഭയെ അതിജീവിക്കാന്‍ മോദി സര്‍ക്കാരിന് തുണയായത് ഇവര്‍, ആര്‍ടിഐ ഭേദഗതിക്ക് സഹായിച്ചത് ഇവരാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍