അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
അമ്പൂരി കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന സൈനികന് അഖില്‍ ആര് നായര്‍(27) മാധ്യമങ്ങളോട് പ്രതികരിച്ചു. രാഖിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നും താന്‍ ഒളിവിലല്ലെന്നും അഖില്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് താനെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടന്‍ പോലീസിനു മുന്നില്‍ ഹാജരാകുമെന്നും അഖില്‍ പറഞ്ഞു. പിതാവ് രാജപ്പന്‍നായരോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോടും അഖില്‍ സംസാരിച്ചത്.
‘രാഖിയെ ജൂണ്‍ 21നു കണ്ടിരുന്നു. രാഖിയുടെ ആവശ്യപ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസുണ്ട്, രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവള് പിന്മാറാതെ എന്റെ പിന്നാലെയായിരുന്നു. ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു. കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ എനിക്ക് കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍ കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയിലെത്തി 29ന് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.’ അഖില്‍ പറയുന്നു.
അതേസമയം അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാനായി അഖില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പോലീസ് പറയുന്നത്.
അഖില്‍ രണ്ടുദിവസത്തിനകം കീഴടങ്ങുമെന്ന് അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസിലെ പ്രതിയായ അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കമാന്‍ഡിംഗ് ഓഫീസറാണ് അഖിലിനോട് പോലീസിന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചതെന്ന് പറയുന്നത്.