UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടിയെന്ന് എക്‌സൈസ് മന്ത്രി

പഴയ ദൂരപരിധി പുനസ്ഥാപിക്കുകയാണ് ചെയ്തതെന്നും മന്ത്രി

സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായി കുറച്ചത് ടൂറിസം മേഖലയ്ക്ക് വേണ്ടിയാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പഴയ ദൂരപരിധി പുനസ്ഥാപിക്കുകയാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു. ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഉടന്‍ നടപ്പാക്കും.

സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികള്‍ എന്നിവയുടെ സമീപത്ത് 50 മീറ്റര്‍ അടുത്ത് വരെ ബാറുകളാകാമെന്നാണ് ഉത്തരവ്. ഗേറ്റില്‍ നിന്നും ഗേറ്റിലേക്കുള്ള ദൂരമാണ് കണക്കാക്കുക. ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ്. എന്നാല്‍ ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള പരിധി 200 മീറ്ററായി തുടരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫോര്‍സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്ക് 2011 വരെ 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവരികയായിരുന്നു. ഇതാണ് വീണ്ടും 50 മീറ്റര്‍ ആക്കുന്നത്.

അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന് ബാര്‍ മുതലാളിമാരോടാണ് കൂറെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് പുതിയ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. ഇത് ബാര്‍ മുതലാളിമാര്‍ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ ഫലമാണ് മദ്യനയവും തുടര്‍ നടപടികളുമെന്നും സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റില്‍ സുധീരന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍