UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസ്; എഡിജിപി സന്ധ്യയ്ക്ക് ബഹ്‌റയുടെ പ്രശംസ

സെന്‍കുമാര്‍ സന്ധ്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളയുകയാണ് ബഹ്ര ചെയ്തിരിക്കുന്നത്‌

നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി സന്ധ്യയ്ക്ക് പോലീസ് മേധാവി ലോക്‌നാഥ് ബഹ്രയുടെ പ്രശംസ. സന്ധ്യയ്‌ക്കെഴുതിയ കത്തിലാണ് കേസന്വേഷണം ശരിയായ ദിശയിലാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമാണ് ബഹ്രയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്.

നേരത്തെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ സന്ധ്യ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മറുപടിയായാണ് ഡിജിപി അന്വേഷണ സംഘത്തെ പ്രശംസിച്ച് കത്തെഴുതിയിരിക്കുന്നത്. ഐജി ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞതായും ബഹ്ര കത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ സെന്‍കുമാറിന്റെ അഭിപ്രായത്തെ തള്ളിക്കളയുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

എല്ലാം ചെയ്യുന്നത് താനാണെന്ന് വരുത്താനാണ് സന്ധ്യയുടെ ശ്രമമെന്നും സെന്‍കുമാര്‍ സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. അതുകൊണ്ട് ആ കേസ് ഒന്നുമല്ലാതായി മാറുമെന്നും സെന്‍കുമാര്‍ പറയുന്നു. ദിനേന്ദ്ര കശ്യപ് അന്വേഷണ വിവരങ്ങളൊന്നും അറിയുന്നില്ല. അതുകൊണ്ടാണ് സന്ധ്യ അന്വേഷിക്കേണ്ടെന്ന് താന്‍ നിര്‍ദ്ദേശം കൊടുത്തത്. അവര്‍ അതേക്കുറിച്ച് എന്നെ വന്ന് കണ്ട് പരാതി പറഞ്ഞു. സാറെന്നോട് ചോദിച്ചോ എന്നായിരുന്നു അവരുടെ ചോദ്യം. അപ്പോള്‍ തനിക്ക് ദേഷ്യം വന്നെന്നും അവരോട് ചോദിച്ചിട്ടാണോ താന്‍ പ്രവര്‍ത്തിക്കേണ്ടത് അത് അഹങ്കാരമല്ലേയെന്നുമാണ് സെന്‍കുമാര്‍ ചോദിക്കുന്നത്.

ഈ കേസില്‍ ഇതുവരെയും സര്‍ക്കാരിന്റെ ഇടപെടലുണ്ടായിട്ടില്ലെന്നും സ്വാമിയുടെ കേസില്‍ സന്ധ്യയ്ക്കുണ്ടായ ബാഡ് ഇമേജ് പരിഹരിക്കാനാണ് അവര്‍ ഈ കേസില്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍