UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാര്‍ പ്രളയം: മരണസംഖ്യ 153; ഒരു കോടിയോളം ജനങ്ങള്‍ ദുരിതത്തില്‍

17 ജില്ലകളില്‍ 1688 പഞ്ചായത്തുകളിലായി 1.08 കോടി ജനങ്ങളെ പ്രളയം ബാധിച്ചു

ബിഹാറിലെ പ്രളയക്കെടുതിയില്‍ മരണസംഖ്യ 153 ആയി. ഒരു കോടിയോളം ജനങ്ങള്‍ ദുരിതത്തിലാണന്നാണ് കണക്കാക്കിയിരിക്കുന്നത്. വടക്കന്‍ ബീഹാറിലും കിഴക്കന്‍ ബീഹാറിലുമാണ് പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയെ കൂടാതെ പട്ടാളവും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന ഏകദേശം 105 ഗ്രാമങ്ങള്‍ ഭാഗികമായും 35 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. അരാറിയ, പശ്ചിമ ചമ്പാരന്‍, സിതമര്‍ഹി, മധുഭാനി, കതിഹാര്‍, കിഷന്‍ഗജ്, കിഴക്ക് ചമ്പാരന്‍, സുപുല്‍, പുരേന, മുധേരപുര, ദര്‍ബഹങ്ക, ഗോപാല്‍ഗന്‍ജ്, സഹര്‍ഷ, കര്‍ഗരിയ, ഷെഹോര്‍, സരന്‍, മുസാഫര്‍പുര്‍ തുടങ്ങിയ പ്രദേശങ്ങളെല്ലാം പ്രളയബാധിതമാണ്.

17 ജില്ലകളില്‍ 1688 പഞ്ചായത്തുകളിലായി 1.08 കോടി ജനങ്ങളെ പ്രളയം ബാധിച്ചു. പട്‌ന, ഗയ, ഭഗല്‍പുര്‍, പുരേന തുടങ്ങിയ സ്ഥലങ്ങളില്‍ ശനിയാഴ്ചയും ഇടിയോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണസേനയുടെ 28-ഓളം സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 118 ബോട്ടുകളിലായി 1765 രക്ഷാപ്രവര്‍ത്തകരുണ്ട്. ആര്‍മിയുടെ ഏഴോളം ടീമുകളും 2,228 രക്ഷാപ്രവര്‍ത്തകരും 280 ബോട്ടുകളുമുണ്ട്. ഇതുകൂടാതെ വിവിധ സന്നദ്ധ സംഘടനകളുടെ 92 ബോട്ടുകളും 446 പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍