UPDATES

വാര്‍ത്തകള്‍

കയ്യൂര്‍ ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്തതായി കോണ്‍ഗ്രസ്

പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ഈ ബൂത്തില്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് പരാതി.

കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിലെ കയ്യൂര്‍ ചീമേനിയില്‍ കൂളിയാട് സ്‌കൂളിലെ ബൂത്തുകളില്‍ മാത്രം സിപിഎം പ്രവര്‍ത്തകര്‍ 120ലധികം കള്ളവോട്ടുകള്‍ ചെയ്തതായി കോണ്‍ഗ്രസ്. 48ാം നമ്പര്‍ ബൂത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. രാഹുല്‍ എസ്, വിനീഷ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമായിട്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

ഇവര്‍ പല സമയങ്ങളിലായി ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ഈ ബൂത്തില്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് പരാതി. കൂടാതെ കണ്ണൂരില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം 90 ശതമാനത്തിന് മുകളില്‍ പോളിങ് നടന്ന ബൂത്തുകളിലേ സ്ഥിതികളും കോണ്‍ഗ്രസ് നിരീക്ഷിക്കുന്നുണ്ട്.

കണ്ണൂരില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ നേടാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി. 20 ബൂത്തുകളിലാണ് 90 ശതമാനത്തിന് മുകളില്‍ പോളിങ് എത്തിയത്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ വോട്ടുള്‍പ്പെടുന്ന കോങ്ങാറ്റ സ്‌കൂളിലെ 40, 41 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

സിപിഎം ശക്തികേന്ദ്രങ്ങളില്‍ മിക്കയിടങ്ങളിലും യുഡിഎഫ് പോളിങ് ഏജന്റ് ഇല്ലാത്തതിനാല്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം. വിവരാവകാശം വഴിയും ഹൈക്കോടതി റിട്ട് വഴിയും വെബ്കാസ്റ്റിങ്ങ് ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അതേസമയം യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വെബ്കാസ്റ്റിങ്ങ് ദൃശ്യങ്ങള്‍ക്കായി സിപിഎമ്മും ശ്രമം തുടങ്ങി.

അതേസമയം കള്ളവോട്ട് സ്ഥീരീകരിക്കപ്പെട്ട പഞ്ചായത്തംഗമുള്‍പ്പടെയുള്ളവരുടെ കാര്യത്തില്‍ കേസെടുക്കാന്‍ പോലീസ് കളക്ടറുടെ നിര്‍ദേശം കാത്തിരിക്കുകയാണ്. കള്ള വോട്ട് പരാതികളില്‍ ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. വരണാധികാരിയായ കാസര്‍ഗോഡ് ജില്ലാ കളക്ടറാണ് പരാതിയില്‍ തെളിവെടുപ്പ് നടത്തുന്നത്.

കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി സ്‌കൂളിലെ 69, 70 ബൂത്തുകളിലും തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ കൂളിയാട് സ്‌കൂളിലെ 48 ആം ബൂത്തിലും കള്ളവോട്ട് ചെയ്‌തെന്ന പരാതിയിലാണ് കളക്ടര്‍ ഇന്ന് പരാതി കേള്‍ക്കുന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ മേലില്‍ ആരോപിക്കപ്പെട്ട പുതിയങ്ങാടിയിലെ കള്ളവോട്ടിലും ഇന്ന് വ്യക്തത വന്നേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍