UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഡിക്കല്‍ കോളേജ് കോഴ വിവാദം: വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്ന് ലോക്‌നാഥ് ബെഹ്ര

റിപ്പോര്‍ട്ടില്‍ പേര് ഉള്‍പ്പെടുത്തിയത് ഗൂഢാലോചനയാണെന്ന് അമിത് ഷായ്ക്ക് എംടി രമേശിന്റെ പരാതി

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര അറിയിച്ചു. ഇന്നലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തിരുവന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് എസ് പി ജയകുമാറിനാണ് അന്വേഷണ ചുമതല. മെഡിക്കല്‍ കോളേജിന് കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ചില ബിജെപി നേതാക്കള്‍ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡല്‍ഹിയിലേക്ക് കുഴല്‍പ്പണമായി അയച്ചെന്നും ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ അറിയിച്ചിരുന്നു.

അതേസമയം കോഴ വിവാദമുയര്‍ത്തി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കും. എംടി രമേശിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. പരാതിക്കാരന്‍ രമേശിനെക്കുറിച്ച് നല്‍കിയ മൊഴിയായാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണം നല്‍കിയ ശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയതാണ് അന്വേഷണത്തിന് വഴിവച്ചത്.

സംഭവം വിവാദമായതോടെ ആരോപണ വിധേയനായ പാര്‍ട്ടി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍എസ് വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ സംസ്ഥാനഘടകത്തോട് വിശദീകരണം തേടിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍