UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയ സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലെത്തിക്കാന്‍ ദീര്‍ഘദൂര വിമാനങ്ങളുള്‍പ്പടെയുള്ള വന്‍ സന്നാഹങ്ങളുമായി സിബിഐ

ഉദ്യോസ്ഥര്‍ക്കു സഞ്ചരിക്കാനും സാമ്പത്തിക കുറ്റവാളികളെ തിരികെ എത്തിക്കാനും എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര ബോയിങ് വിമാനമാണു തയാറാക്കിയിട്ടുള്ളത്.

കോടികളുടെ വായപയെടുത്തു തരിച്ചടയ്ക്കാതെ വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയ സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക ദീര്‍ഘദൂര വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി സിബിഐയും ഇഡിയും (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സാമ്പത്തിക കുറ്റകൃത്യം നടത്തി നാടുവിട്ടവരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുല പദ്ധതിയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസിലേക്ക് കടന്ന സാമ്പത്തിക കുറ്റവാളികളെ തിരികെ എത്തിക്കുന്നതാണ് സംഘത്തിന്റെ പ്രഥമദൗത്യമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മെഹുല്‍ ചോക്‌സി, വിന്‍സം ഡയമണ്ട്‌സ് പ്രമോട്ടര്‍ ജതിന്‍ മേത്ത എന്നിവരെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.

വന്‍കിട നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന ആന്റ്വിഗയിലാണു ചോക്‌സി. ആന്റ്വിഗ പൗരത്വമെടുത്ത ചോക്‌സിക്കു 132 രാജ്യങ്ങളില്‍ വീസയില്ലാതെ സഞ്ചരിക്കാം. ചോക്‌സി ഉള്‍പ്പെടെയുള്ള പല കുറ്റവാളികളും കരീബിയന്‍ ദ്വീപുകളില്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ഇവരെ കസ്റ്റഡിയിലെടുത്ത് എവിടെയും തങ്ങാതെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാനാണ് ദീര്‍ഘദൂര വിമാനം തയാറാക്കിയിരിക്കുന്നത്. ഉദ്യോസ്ഥര്‍ക്കു സഞ്ചരിക്കാനും സാമ്പത്തിക കുറ്റവാളികളെ തിരികെ എത്തിക്കാനും എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര ബോയിങ് വിമാനമാണു തയാറാക്കിയിട്ടുള്ളത്.

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് ശേഷം വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവര്‍ രാജ്യം വിട്ടത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം ഉയരാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.

സാമ്പത്തിക കുറ്റവാളികളെ തിരിച്ചെത്തിക്കുന്നത് വിജയിച്ചാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിക്കാനായിരിക്കും ബിജെപി ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍