UPDATES

റാം റഹീം ഇനി 20 വര്‍ഷം ജയിലില്‍; പിഴ 30 ലക്ഷവും; പൊട്ടിക്കരഞ്ഞ് ആള്‍ദൈവം

വിധി പ്രഖ്യാപനം വന്നതിന് പിന്നാലെ ദേരയുടെ ആസ്ഥാന ആശ്രമം സ്ഥിതി ചെയ്യുന്ന സിര്‍സയില്‍ രണ്ട് കാറുകള്‍ക്ക് അനുയായികള്‍ തീവച്ചു. എങ്ങും കനത്ത ജാഗ്രത പുലര്‍ത്തുകയാണ് പോലീസ്.

ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവനും സ്വയംപ്രഖ്യാപിത ദൈവവുമായ ഗുര്‍മീത് റാം റഹിമിന് പ്രത്യേക സിബിഐ കോടതി 20 വര്‍ഷം തടവ് ശിക്ഷ പ്രഖ്യാപിച്ചു. രണ്ട് ബലാത്സംഗക്കേസുകളാണ് റാം റഹിമിനെതിരെ ഉള്ളത്. ഓരോ കേസിലും 10 വര്‍ഷം വീതമാണ് തടവ്. രണ്ടും വെവ്വേറെ അനുഭവിക്കണം. കൂടാതെ ഇയാള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികള്‍ക്ക് 15 ലക്ഷം വീതം നഷ്ടപരിഹാരവും നല്‍കണം. ഇത് നല്‍കിയിലെങ്കില്‍ ജയില്‍ ശിക്ഷ വീണ്ടും നീളും.

വിധി കേട്ട ആള്‍ദൈവം കോടതി മുറിയായി രൂപപ്പെടുത്തിയ ജയില്‍ മുറിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞദിവസം ഇയാള്‍ കുറ്റക്കാരനാണെന്ന് പഞ്ച്ഗുളയിലെ സിബിഐ കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നാല് സംസ്ഥാനങ്ങളിലേക്ക് കൂടി ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ റോത്തക്കിലെ ജയിലില്‍ തന്നെ കോടതി ഒരുക്കിയാണ് ജസ്റ്റിസ് ജഗ്ദീപ് സിംഗ് വിധി പ്രഖ്യാപിക്കുന്നത്. വിധി പ്രഖ്യാപനം വന്നതിന് പിന്നാലെ ദേരയുടെ ആസ്ഥാന ആശ്രമം സ്ഥിതി ചെയ്യുന്ന സിര്‍സയില്‍ രണ്ട് കാറുകള്‍ക്ക് അനുയായികള്‍ തീവച്ചു. കനത്ത ജാഗ്രതയോടെ പോലീസ്.

കനത്ത സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയോടെ ജഡ്ജി വിധി പ്രഖ്യാപിക്കാനായി ജയിലില്‍ എത്തിയത്. പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ ജയിലില്‍ എത്തിച്ചത്. ഹരിയാന സര്‍ക്കാരാണ് ഇദ്ദേഹത്തിനുള്ള സുരക്ഷ ഒരുക്കിയത്. 2002ല്‍ തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് റാം റഹിം കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച ജസ്റ്റിസ് ജഗ്ദീപ് സിംഗ് പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് റാം റഹിമിനെതിരെ ചുമത്തിയിരുന്നത്. റാം റഹിമിന് പത്ത് വര്‍ത്തെ തടവ് ശിക്ഷ നല്‍കണമെന്നാണ് സിബിഐയും കോടതിയില്‍ ആവശ്യപ്പെട്ടത്. തനിക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റാം റഹിം കോടതിയില്‍ പൊട്ടിക്കരഞ്ഞത്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 2300 സൈനികരെയാണ് ജയില്‍ പരിസരത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. റാം റഹിം കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച വെള്ളിയാഴ്ച ഇയാളുടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 38 പേര്‍ മരിച്ചു. ഹരിയാനയിലെ പഞ്ച്ഗുളയില്‍ ആരംഭിച്ച കലാപം പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് വിവിധ അക്രമങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ട്രെയിനുകള്‍ക്കും ബസുകള്‍ക്കും തീയിട്ട അക്രമികള്‍ പെട്രോള്‍ പമ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് നേരെയും അക്രമണം നടത്തി. ഇരുന്നൂറിലേറെ പേര്‍ക്കാണ് കലാപത്തില്‍ പരിക്കേറ്റത്. നൂറിലേറെ വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു.

കലാപത്തിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ദേര സച്ച സൗദയുടെ ഹരിയാനയിലെയും പഞ്ചാബിലെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഹരിയാന, പഞ്ചാബ് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുകയാണ്. പാരാ മിലിറ്ററിയുടെ ആയിരക്കണക്കിന് സൈനികരാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ റോഡുകളെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും തടഞ്ഞിരിക്കുകയാണ്. ഹരിയാനയിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്.

റോത്തക്കിലെ പ്രദേശവാസികളോട് വീടുകളില്‍ തന്നെ തങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാം റഹിമിന്റെ മുതിര്‍ന്ന അനുയായികളെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരിക്കുയാണ്. പ്രശ്‌നങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ വെടിവയ്പ്പുണ്ടാകുമെന്ന് റോത്തക് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി തങ്ങള്‍ വലിയ തോതിലുള്ള തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നതെന്നും ആര്‍ക്കും ജയിലിന്റെ പരിസരത്ത് പോലും എത്താന്‍ സാധിക്കില്ലെന്നും റോത്തക് ഡിഐജി നവ്ദീപ് സിംഗ് വിര്‍ക് എന്‍ഡിടിവിയെ അറിയിച്ചിട്ടുണ്ട്. സമാധാന ലംഘനം ഉണ്ടാകില്ലെന്ന് തനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

വെള്ളിയാഴ്ച വിധി പ്രഖ്യാപനത്തിന് മുമ്പ് ഒന്നരലക്ഷത്തിലേറെ ദേര സച്ച സൗദ അനുയായികളാണ് പഞ്ച്ഗുളയില്‍ നിലയുറപ്പിച്ചിരുന്നത്. റാം റഹിമിന്റെ ശക്തികേന്ദ്രമായ ഹരിയാനയില്‍ അക്രമാസക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. പലയിടങ്ങളിലും പോലീസിന് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. റാം റഹിമിന്റെ അനുയായികള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതിരുന്ന ഹരിയാന സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.

ദേര സച്ച സൗദയുടെ ഹരിയാനയിലെ നൂറിലേറെ ആശ്രമങ്ങള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. പലയിടങ്ങളില്‍ നിന്നും പെട്രോള്‍ കന്നാസുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ദേരയുടെ ആസ്ഥാന ആശ്രമം സ്ഥിതിചെയ്യുന്ന സിര്‍സയിലും പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സിര്‍സയിലെ ആശ്രമത്തില്‍ തങ്ങുന്ന ആയിരക്കണക്കിന് അന്തേവാസികളെ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെ പോലീസ്. എന്നാല്‍ അവര്‍ അതിന് തയ്യാറായിട്ടില്ല. ഈ ശ്രമങ്ങള്‍ ഇന്നും തുടരുന്നുണ്ട്. അതേസമയം ബലപ്രയോഗത്തിലൂടെ ഇവരെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചു. ശിക്ഷാപ്രഖ്യാപനത്തെക്കുറിച്ച് പുറത്തുവരുന്ന ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി പോലീസും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

എന്തിന്റെ പേരിലാണെങ്കിലും രാജ്യത്ത് കലാപം നടത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. അതേസമയം സുരക്ഷ വീഴ്ച വരുത്തിയതില്‍ ഹരിയന ഭരിക്കുന്ന ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. കൂടാതെ 50കാരനായ ആള്‍ദൈവത്തിന് ജയിലിലേക്ക് പോകാന്‍ ആഡംബര വിമാനം അനുവദിച്ചതും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍