UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജരസീത് പുറത്തുവിട്ടെന്ന് ആരോപിച്ച് അധ്യപകനെ മര്‍ദ്ദിച്ചു; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു

കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന് വേണ്ടി പിരിവെടുക്കാന്‍ ഉപയോഗിച്ച വ്യാജ രസീത് പുറത്തുവിട്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ അധ്യാപകനെ മര്‍ദ്ദിച്ചു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജ് അധ്യാപകനും ബിജെപിയുടെ പ്രാദേശിക നേതാവുമായ ശശികുമാറിനാണ് മര്‍ദ്ദനമേറ്റത്. പിരിവെടുക്കാന്‍ ഉപയോഗിച്ച വ്യാജ രസീത് പുറത്തുവിട്ടത് ശശികുമാറാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.

ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശശികുമാര്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടുത്തിരിക്കുമ്പോഴാണ് കോളറിന് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ശശികുമാര്‍ പറയുന്നു. കോളേജിലെ അക്കൗണ്ടന്റ് വിനോദിനെയും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. നേരത്തെ വ്യാജരസീത് വിവാദം ഉണ്ടായപ്പോള്‍ എംഎച്ച്ഇഎസ് കോളേജിന് ബിജെപി നല്‍കിയ വ്യാജരസീത് പുറത്തായിരുന്നു.

ഇത് ശശികുമാര്‍ വഴിയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പിപി മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രിപേഷ്, പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ സുനില്‍, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നും ശശികുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം രാവിലെ 11.30 ഓടെയാണ് ബിജെപി നേതാക്കള്‍ കോളേജിലെത്തിയത്. ശശികുമാറിനെ ബന്ദിയാക്കി ഒരു ജനറല്‍ സെക്രട്ടറിയുടെ അറിവോടെയാണ് താന്‍ വ്യാജരസീത് പുറത്തെത്തിച്ചതെന്ന് ഒരു വെള്ളപേപ്പറില്‍ എഴുതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍