UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ മുല്ലപ്പള്ളി പറഞ്ഞു, നൗഷാദിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ചാവക്കാട് പൊന്നയില്‍ വച്ച് നൗഷാദിനും സുഹൃത്തുക്കള്‍ക്കുമെതിരേ ആക്രമണം ഉണ്ടാകുന്നത്.

ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി എസ്ഡിപിഐ എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകത്തില്‍ എസ്ഡിപിഐ ബന്ധത്തെക്കുറിച്ച് വ്യക്തമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. നേതാക്കള്‍ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ചാവക്കാട് പൊന്നയില്‍ വച്ച് നൗഷാദിനും സുഹൃത്തുക്കള്‍ക്കുമെതിരേ ആക്രമണം ഉണ്ടാകുന്നത്. അക്രമി സംഘത്തില്‍ പതിനാലു പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഏഴു ബൈക്കുകളിലായി എത്തിയ ഇവര്‍ മുഖംമൂടി ധരിച്ചിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ക്കും വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാാഴ്ച്ച രാവിലെ ഒമ്പതരയോടെ മരിക്കുകയായിരുന്നു. കൊലപാതകികളെ പിടികൂടാന്‍ ആയിട്ടില്ല. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ എസ്ഡിപിയെ കുറ്റപ്പെടുത്തുന്നതിനൊപ്പം തന്നെയാണ് ഇടതുമുന്നണി സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനാണ് ചാവക്കാട് കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍. നൗഷാദിന്റേത് എസ്ഡിപിഐ ആസൂത്രിതമായ നടത്തിയ കൊലയാണെന്നു പറയുന്ന സുധീരന്‍ അതിനൊപ്പം തന്നെ എസ്ഡിപിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ത്തുന്നു. എസ്ഡിപിഐയോട് സര്‍ക്കാരിന് മൃദു സമീപനമാണെന്നു ചൂണ്ടിക്കാണിക്കാന്‍ മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചയാണ്. എസ്ഡിപി ഐക്കെതിരേ നിയമപരമായി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെടുന്നു.

അതേ സമയം എറണാകുളം എം പി യായ ഹൈബി ഈഡന്‍ നൗഷാദിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ ക്രമസമാധാനന്തരീക്ഷം പൂര്‍ണമായി തകര്‍ന്നതാണ് എസ്ഡിപിഐക്ക് വിഹരിക്കാനുള്ള അവസരം ഉണ്ടാക്കിയതെന്നാണ് ഹൈബിയുടെ ആരോപണം. വര്‍ഗീയതയുടെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ് എസ്ഡിപിഐക്ക് ഈ തീവ്രവാദ രാഷ്ട്രീയം നാടിന്റെ സമാധാനാന്തരീക്ഷം ഇല്ലാതെയാക്കുകയാണെന്നും തങ്ങളില്‍ തന്നെ ഒരുവനെ ഇല്ലാതെയാക്കി എന്ത് രാഷ്ട്രീയമാണ് ഈ ഭീകരസംഘടനകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ചോദിച്ച ഹൈബി ഈഡന്‍ എം പി പുനര്‍വിചിന്തനം നടത്താന്‍ എസ്ഡിപിഐ തയ്യാറാകണെമെന്നും ആവശ്യപ്പെടുന്നു. സമാധാനം കാംക്ഷിക്കുന്ന ജനങ്ങള്‍ ഈ തീവ്രാവാദ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം തന്റെ ഫെയ്സബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

എസ്ഡിപിഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൃശൂര്‍ എംപി കൂടിയായ ടി എന്‍ പ്രതാപനും ആവശ്യപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ചുള്ള പ്രാഥമിക വിവരങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് ചാവക്കാട് പുന്നയിലെ നൗഷാദിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ ഗുണ്ടകളാണെന്നാണ്. വര്‍ഗ്ഗീയത എങ്ങനെയായാലും വര്‍ഗ്ഗീയതായാണ്. ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും അത് നഷ്ടപ്പെടുത്തുന്നത് സമൂഹത്തിന്റെ സ്വസ്ഥതയാണ്. ഈ സംഭവത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. വര്‍ഗ്ഗീയതയുടെ ഒരു ഭീഷണിക്ക് മുന്‍പിലും തോറ്റുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. എ്സ്ഡിപിഐ ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കേരള സര്‍ക്കാരും സംവിധാനങ്ങളും തയ്യാറാകണമെന്നും ടി എന്‍ പ്രതാപ് എംപി ആവശ്യപ്പെട്ടു.

അക്രമവും തീവ്രവാദവും കൈമുതലാക്കിയ സംഘടനകളുടെ നരഹത്യകള്‍ക്ക് കേരളം വേദിയാക്കി മാറ്റുന്ന കാഴ്ച്ച നിരാശാജനകമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. രാഷ്ട്രീയത്തെ അക്രമവല്‍ക്കരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുക്കുന്ന കൊലപാതക രാഷ്ട്രീയ സംഘടനകളെ പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

നൗഷാദിന്റെ കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ച ഉമ്മന്‍ ചാണ്ടി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും പ്രത്യയശാസ്ത്രങ്ങളിലെയും രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലെയും അന്തരത്തെ മറ്റുള്ളവരുടെ ജീവിക്കാനുള്ള മൗലീക അവകാശത്തെ പോലും നഷ്ടപ്പെടുത്തും വിധം അക്രമസക്തമാക്കി തീര്‍ക്കുന്ന ഇത്തരം സംഘടനകള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വ്യക്തമാക്കുന്നു.

കൊലക്കത്തി രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് കൂടി ജീവന്‍ നഷ്ടമായി എന്നായിരുന്നു ചാവക്കാട് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആദ്യപ്രതികരണം. എന്നാല്‍ മറ്റ് നേതാക്കള്‍ എസ്ഡിപിഐയെ നേരിട്ട് പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോള്‍ നൗഷാദിന്റെ കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐക്കാരാണെന്ന് ചാവക്കാട് നിന്നുള്ളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ അക്രമിസംഘത്തെ ഇനിയും അഴിഞ്ഞാടാന്‍ അനുവദിക്കരുതെന്നും ഉന്നതതല പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവിശ്യപ്പെടുന്നുണ്ട്. കൊലപാതക രാഷ്ട്രീയത്തിന് അറുതി വരണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെടുന്നു.

Read: രണ്ടു ദിവസത്തിനിടയിൽ രണ്ടു കൊലപാതകങ്ങൾ, ഒരാള്‍ മുന്‍ മുസ്ലിം ലീഗ് പ്രവർത്തകൻ, രണ്ടാമത്തെയാള്‍ കോണ്‍ഗ്രസുകാരന്‍; കൊലക്കത്തി രാഷ്ട്രീയത്തിന്റെ ബീഭത്സ മുഖമായി എസ് ഡി പി ഐ

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍