UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.പി.എം നേതാക്കള്‍ പാര്‍ട്ടിയിലേക്ക് നേരിട്ട് ക്ഷണിച്ചു; പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് റിജില്‍ മാക്കുറ്റി

സി.പി.എം. സോഷ്യല്‍ മീഡിയയിലൂടെയും ജില്ലാ നേതാക്കള്‍ നേരിട്ടും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു-റിജില്‍ മാക്കുറ്റി

താന്‍ സി.പി.എമ്മിലേക്ക് പോവുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിജില്‍ മാക്കുറ്റി. കെ.എസ്.യു. മുന്‍ സംസ്ഥാന പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റുമായ റിജില്‍ മാക്കുറ്റി സി.പി.എമ്മിലേക്ക് എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ റിജിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ ഇതിനുള്ള സൂചനയായി പ്രചരിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ അങ്ങനെയൊരുകാര്യം ഇതേവരെ ചിന്തിച്ചിട്ടില്ലെന്നും റിജില്‍ അഴിമുഖത്തോട് പറഞ്ഞു.

സി.പി.എം. സോഷ്യല്‍ മീഡിയയിലൂടെയും ജില്ലാ നേതാക്കള്‍ നേരിട്ടും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനായി ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. താന്‍ സി.പി.എമ്മിലേക്ക് പോവുകയാണെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഒരു അറിവുമില്ലെന്നും റിജില്‍ പ്രതികരിച്ചു.

കശാപ്പിനുള്ള കാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പരസ്യമായി കന്നുകുട്ടിയെ അറത്ത് വിളമ്പിയ സംഭവത്തിന് നേതൃത്വം നല്‍കിയ റിജിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരിക്കുകയാണ്. കെ.സുധാകരന്റെ വലം കൈ ആയിരുന്ന റിജിലിനെ സുധാകരന്‍ കൂടി കൈവിട്ടു. സസ്പന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതേവരെ തീരുമാനമെടുത്തിട്ടില്ല.

ആര്‍.എസ്.എസിനേയും സംഘപരിവാറിനേയും എതിര്‍ത്തതിന്റെ പേരില്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നീതിപീഢത്തില്‍ നിന്ന് നീതികിട്ടുമോ എന്ന്് കഴിഞ്ഞ ദിവസം റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിക്കാണിച്ചാണ് റിജില്‍ സി.പി.എമ്മിലേക്കെന്ന വ്യാപകമായ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ സംഭവത്തിന് ശേഷം സി.പി.എം. ജില്ലാ നേതൃത്വം റിജിലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു എന്നാണ് അറിയുന്നത്.

കന്നുകുട്ടിയെ പരസ്യമായി അറക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംഭവത്തില്‍ അപലപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സസ്പന്‍ഷന്‍ നടപടികളിലേക്ക് പാര്‍ട്ടി നേതൃത്വം കടന്നത്. ഇതേസമയം കണ്ണൂര്‍ ഡി.സി.സി. അംഗമായ കൃഷ്ണകുമാര്‍ സി.പി.എമ്മില്‍ ചേരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍