UPDATES

ട്രെന്‍ഡിങ്ങ്

വിശ്വാസി സമൂഹം അകന്നു, മതന്യൂനപക്ഷങ്ങള്‍ കൈവിട്ടു: സിപിഎം കേരള ഘടകം; എന്തുകൊണ്ട് നേരത്തെ തിരിച്ചറിഞ്ഞില്ലെന്നു പിബിയില്‍ വിമര്‍ശനം

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തില്‍ കേരള ഘടകത്തിനെതിരെ  സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഉയര്‍ന്നത് കടുത്ത വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ  പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച സമയത്തായിരുന്നു വിമര്‍ശനം. വിശ്വാസി സമൂഹം പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്നും അകന്ന് പോയതും മത ന്യൂനപക്ഷങ്ങള്‍ അകന്നു പോയതും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് രണ്ടും താത്കാലികമാണെന്നും കേരള ഘടകം റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. ചോര്‍ച്ച മുന്‍കൂട്ടി തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെുവെന്നാണ് പിബിയില്‍ ഉയര്‍ന്ന വിമര്‍ശനം. വിശദമായ ചര്‍ച്ച സംസ്ഥാന സമിതിയില്‍ നടത്തിയ ശേഷമായിരിക്കും കേന്ദ്ര നേതൃത്വത്തിന് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂണ്‍ ആദ്യ ആഴ്ചകളില്‍ നടക്കുന്ന മൂന്നു ദിവസത്തെ കേന്ദ്രകമ്മറ്റിയിലായിരിക്കും വിശദമായ അവലോകനം നടക്കുക.

കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ഉള്‍പ്പടെയുള്ള ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇതും പരാജയത്തിന് ഒരു കാരണമായിയെന്നുള്ള സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം രൂക്ഷ വിമര്‍ശനത്തിലേക്ക് വഴിവയ്ക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയാണ് ഈ വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വം ഉന്നം വയ്ക്കുന്നത്.

ഇന്നലെ ആരംഭിച്ച പിബി യോഗം ഇന്നും തുടരും. സംസ്ഥാന ഘടകത്തിന്റെ നിലപാട് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചു. ആലപ്പുഴ ഒഴിച്ച് മുഴുവന്‍ മണ്ഡലങ്ങളിലും സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഇത്തവണ പരാജയപ്പെട്ടിരുന്നു. ഇതിനൊപ്പം, ബംഗാളില്‍ രണ്ടു സീറ്റില്‍ കഴിഞ്ഞ തവണ വിജയിചിരുന്നതും ഇത്തവണ നഷ്ടപ്പെട്ടു. തമിഴ്നാട്ടില്‍ നിന്ന് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മത്സരിച്ചു നേടിയ രണ്ടു സീറ്റുകളും കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും ഉള്‍പ്പെടെ മൂന്ന് സീറ്റാണ് സിപിഎമ്മിന്റെ 17-ആം ലോക്സഭയിലെ സമ്പാദ്യം. 2004-ല്‍ 43 സീറ്റ് ഉണ്ടായിരുന്നിടത്ത് നിന്നാണ് പടിപടിയായി ഇത് കുറഞ്ഞു വന്നത്. 2009-ല്‍ 16 സീറ്റും 2014-ല്‍ ഇത് ഒമ്പത് സീറ്റുകളുമായി.

അതേസമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സെക്രട്ടേറിയറ്റ് നിലപാടിനൊത്ത് മാറുകയാണെങ്കില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനത്ത് താന്‍ തുടരില്ലെന്ന് പുന്നല ശ്രീകുമാര്‍. തിരഞ്ഞെടുപ്പിലേറ്റ തരിച്ചടിക്ക് ശേഷവും ഇതേ നിലപാടാണ് സിപിഎം തുടരുന്നതെങ്കില്‍ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ലെന്നും അതിനാല്‍ അതിനൊപ്പം പ്രവര്‍ത്തിക്കില്ലെന്നുമാണ് പുന്നല ശ്രീകുമാറിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

”ന്യൂനപക്ഷ ഏകീകരണമാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം. മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്താനാണ് സിപിഎം സെക്രട്ടറിയറ്റ് ശ്രമിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി നിലപാട് മാറ്റിയാല്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനത്ത് തുടരില്ല” -പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുന്നല ശ്രീകുമാറും അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമായിട്ടില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന നിലപാടാണ് പിണറായി വിജയനുള്ളത്.

Also Read: പാർലമെന്റിലെ ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം, ശതമാന കണക്കുകളുടെ പേരിൽ പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിക്കുന്നത് നിയമ വിരുദ്ധം: പിഡിടി ആചാരി/ അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍