UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം; ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

സംഭവത്തില്‍ ബാലാവകാശ കമ്മാഷന്‍ സ്വമേധയ കേസ് എടുത്തെന്ന് ചെയര്‍മാന്‍ പി സുരേഷ് അറിയിച്ചു.

തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി ഏഴു വയസുകാരന്റെ നില ഗുരുതരം. കുട്ടിയുടെ അമ്മയ്‌ക്കൊപ്പമുള്ള സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കുട്ടിയിപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

മര്‍ദ്ദനമേറ്റ കുട്ടിയുടെ നാലു വയസ് പ്രായമുള്ള അനിയന്‍ സോഫയില്‍ മൂത്രമൊഴിച്ചെന്നാരോപിച്ചാണ് 35കാരനായ അരുണ്‍ ആനന്ദ്(ഇയാള്‍ കുട്ടിയുടെ അമ്മയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഒരുമിച്ച് താമസിക്കുക മാത്രമാണന്നും വാര്‍ത്തകളുണ്ട്) ക്രൂരത കാണിച്ചത്. ചോദിച്ചതിനു വ്യക്തമായ മറുപടി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഏഴു വയസുകാരനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വീണു കിടന്ന കുട്ടിയുടെ തലയില്‍ ഇയാള്‍ പലവട്ടം ചവിട്ടി. ചവിട്ടേറ്റാണ് തലയ്ക്കു പിന്നിലായി ആഴത്തില്‍ മുറിവുണ്ടായത്. ഇളയ കുട്ടിയേയും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ നാലുവയസുകാരന്റെ പല്ലുകള്‍ തകര്‍ന്നു. കാലുകളിലും മര്‍ദ്ദനത്തിന്റെ പാടുണ്ട്. ഈ കൂട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശക്രാരം വല്യമ്മയുടെ താത്കാലിക സംരക്ഷണയില്‍ വിട്ടിരിക്കുകയാണ്.

ഏഴു വയസുകാരനെ ആശുപത്രിയില്‍ എത്തിച്ചതും അമ്മയും അരുണും ചേര്‍ന്നായിരുന്നു. താഴെ വീണ് തലയ്ക്ക് പരിക്കേറ്റതെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ പറഞ്ഞത്. അരുണ്‍ ക്രൂരമായി കുട്ടികളെ മര്‍ദ്ദിച്ചെന്ന് അമ്മ പറയുന്നുണ്ട്. അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇടുക്കി ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അരുണിനെതിരേ കേസ് ചാര്‍ജ് ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് കുട്ടികളുടെ പിതാവ് മരിക്കുന്നത്. ഇതിനുശേഷമാണ് അരുണ്‍ ഇവര്‍ക്കൊപ്പം താസിക്കാന്‍ തുടങ്ങുന്നത്. ഇയാള്‍ കുട്ടികളുടെ ബന്ധുകൂടിയാണ്.  സംഭവത്തില്‍ ബാലാവകാശ കമ്മാഷന്‍ സ്വമേധയ കേസ് എടുത്തെന്ന് ചെയര്‍മാന്‍ പി സുരേഷ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍