UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്

അടുത്ത വാദം കേള്‍ക്കുന്ന സെപ്തംബര്‍ 26 വരെ ഒരുവിധത്തിലും പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ് ഉത്തരവ്

ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡല്‍ഹി ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. പരസ്യം തങ്ങളുടെ ഉല്‍പ്പന്നത്തെ അപമാനിക്കുന്നുവെന്ന ഡാബറിന്റെ പരാതിയിലാണ് നടപടി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബഞ്ചാണ് പരസ്യം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.

പതഞ്ജലിയുടെ ഫേസ്ബുക്ക് യൂടൂബ് പേജുകളിലാണ് പരസ്യം അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. അധികം വൈകാതെ ഈ പരസ്യം ടെലിവിഷനിലും വരാനിരിക്കെയാണ് ഡാബര്‍ ഇടക്കാല വിലക്ക് നേടിയത്. പരാതിയില്‍ അടുത്ത വാദം കേള്‍ക്കുന്ന സെപ്തംബര്‍ 26 വരെ ഒരുവിധത്തിലും പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ് ഉത്തരവ്. വിഷയത്തില്‍ ഇടക്കാല ഇടപെടല്‍ വേണമെന്ന് പ്രാഥമികമായി തങ്ങള്‍ക്ക് മനസിലായതായി കോടതി വ്യക്തമാക്കി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് ഉല്‍പ്പാദകരാണ് ഡാബര്‍. പരസ്യത്തിന് മാനനഷ്ടമായി 2.01 കോടി രൂപ നല്‍കണമെന്നും ഇവരുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഈമാസം ഒന്നിന് പതഞ്ജലിയുടെ പരസ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിംഗിള്‍ ബഞ്ചിന് നല്‍കിയ ഹര്‍ജി നിരസിക്കപ്പെട്ടതോടെയാണ് ഡാബര്‍ വീണ്ടും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധ വ്യാപാരം കണ്ടെത്തുന്നതില്‍ സിംഗിള്‍ ബഞ്ച് പരാജയപ്പെട്ടെന്നാണ് ഡാബര്‍ ചൂണ്ടിക്കാട്ടിയത്. പതഞ്ജലിയുടെ പരസ്യം തങ്ങള്‍ക്ക് കണക്കുകൂട്ടാനാകാത്തതും പരിഹരിക്കാനാക്കത്തതുമായ നഷ്ടം വരുത്തിയെന്നും ഇവര്‍ പറയുന്നു. പതഞ്ജലിയുടെ പാക്കിംഗും തങ്ങളുടേതിന് സമാനമാണെന്നും ഇത് തങ്ങളുടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനിടയുണ്ടെന്നും ഡാബര്‍ ചൂണ്ടിക്കാട്ടുന്നു. അവ്യക്തമായ ട്രേഡ് മാര്‍ക്കും പേരോടും കൂടിയ പരസ്യത്തിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍