UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡി ജി പി ജേക്കബ് തോമസ് സ്വയം വിരമിക്കുന്നു; ട്വന്റി 20 സ്ഥാനാര്‍ഥിയായി ചാലക്കുടിയിലേക്കെന്ന് സൂചന

‘എന്നെ സര്‍വീസില്‍ നിന്ന് മാറ്റിയത് ഞാനൊരു ചണ്ടിയാണെന്ന് തോന്നിയതുകൊണ്ടല്ലേ. അതുകൊണ്ട്, ഇനി ഞാന്‍ ഇവിടെ നില്‍ക്കേണ്ടതില്ല.’ ജേക്കബ് തോമസ്

മുന്‍ വിജിലന്‍സ് ഡയറക്ടറും നിലവില്‍ സസ്‌പെന്‍ഷനിലുമുള്ള ഡി ജി പി ജേക്കബ് തോമസ് സ്വയംവിരമിക്കുന്നു. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിന് ഭരണത്തിലിരിക്കുന്ന ട്വന്റി 20 നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമായിട്ട് ജേക്കബ് തോമസ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിരമിക്കല്‍. പ്രഖ്യാപനം. ഇന്നലെ (23-03-2019) രാവിലെ പ്രത്യേക ദൂതന്‍ മുഖേന കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിനാണ് അദ്ദേഹം സ്വയംവിരമിക്കാന്‍ അപേക്ഷ നല്‍കിയത്.

സ്വയം വിരമിക്കലിനെക്കുറിച്ച് ജേക്കബ് തോമസിന്റെ പ്രതികരണമായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്, ‘എന്നെ സര്‍വീസില്‍ നിന്ന് മാറ്റിയത് ഞാനൊരു ചണ്ടിയാണെന്ന് തോന്നിയതുകൊണ്ടല്ലേ. അതുകൊണ്ട്, ഇനി ഞാന്‍ ഇവിടെ നില്‍ക്കേണ്ടതില്ല. എനിക്ക് ഇനി ഇഷ്ടമുള്ള പണിയെടുക്കാം.’ എന്നാണ്. അതേസമയം ചാലക്കുടിയില്‍ ട്വന്റി-20 കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത അദ്ദേഹം സ്ഥിരീകരിച്ചില്ല.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പലരും സമീപിച്ചിട്ടുണ്ടെന്നും പക്ഷെ ഇതില്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ജേക്കബ് തോമസ് ഇല്ലെങ്കില്‍ പകരം മറ്റൊരാളെ മത്സരത്തിനിറക്കില്ലെന്ന് കിഴക്കമ്പലത്തെ ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എം ഡി യുമായ സാബു എം ജേക്കബ് പ്രതികരിച്ചിരുന്നു.

ഒന്നരവര്‍ഷത്തോളം സര്‍വീസ് ബാക്കിയിരിക്കെയാണ് വിരമിക്കല്‍ തീരുമാനം. 1986-ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 33 വര്‍ഷം സേവനത്തിലുണ്ടായിരുന്നു. 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ്. 2017-ല്‍ തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയിലെ പ്രഭാഷണത്തിനിടെ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ആദ്യം സസ്‌പെന്‍ഷനിലായത്.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപിച്ച് വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലായിരുന്നു മൂന്നാമത്തെ നടപടി. അതില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പരാതിയില്‍ സസ്‌പെന്‍ഷന്‍ പിന്നെയും നീട്ടുകയായിരുന്നു.

സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിനാണ് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കേണ്ടത്. 30 വര്‍ഷത്തിലേറെ സര്‍വീസുള്ളയാള്‍ക്ക് സ്വയം വിരമിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല. സസ്‌പെന്‍ഷനില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കുകയും സംസ്ഥാനം അത് പേഴ്‌സണല്‍ മന്ത്രാലയത്തിന് കൈമാറുകയുമാണ് ചെയ്യുന്നത്.

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍