UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാള സിനിമയിലെ കോടികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ ദിലീപിന് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷ

ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും പ്രതിഭാഗം

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നു തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യ ഹര്‍ജി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

മണിക്കൂറുകളോളം ദിലീപിനെ ചോദ്യം ചെയ്തതാണെന്നും ഇനി കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. ദിലീപ് ഉപയോഗിച്ചിരുന്ന ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെതിരെയുള്ളത് പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ്. ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ മലയാള സിനിമയിലെ കോടിക്കണക്കിന് രൂപയുടെ പ്രൊജക്ടുകളാണ് പ്രതിസന്ധിയിലായത്. അതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിക്കുന്നു.

സാക്ഷികളെ സ്വാധീനിക്കുമെന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. രാംകുമാര്‍ വാദിച്ചു. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും അതിന് ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചെന്ന് പോലീസ് സംശയിക്കുന്ന സുനില്‍രാജ് (അപ്പുണ്ണി) അറസ്റ്റിലാകും മുമ്പ് ജാമ്യം നേടണമെന്നാണ് ദിലീപിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍