UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറുത്ത വംശജനായ ലോകബാങ്ക്‌ ടീം ലീഡറെ വംശീയാധിക്ഷേപം നടത്തി മന്ത്രി സുധാകരന്‍

വംശീയ അധിക്ഷേപം നടത്തിയതില്‍ സുധാകരന്‍ ക്ഷമാപണം നടത്തി

ലോക ബാങ്കിന്റെ കറുത്ത വംശജനായ ടീം ലീഡറെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനെതിരെ പരാതി. കേരളത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡര്‍ ഡോ. ബെര്‍ണാര്‍ഡ് അരിട്വയെ ആക്ഷേപിച്ചുവെന്നാണ് സുധാകരനെതിരെയുള്ള പരാതിയെന്ന് മനോര ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജി. സുധാകരന്‍ നടത്തിയ അധിക്ഷേപത്തിന്റെ പ്രസക്ത ഭാഗങ്ങള്‍- ‘ലോകബാങ്കെന്നാല്‍ അമേരിക്കയാണ്. അമേരിക്ക ഉണ്ടാവുന്നതിനു മുമ്പേ കേരളം ഉണ്ട്. വായ്പ പിന്‍വലിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. കെഎസ്ടിപി പദ്ധതി ഇഴയുന്നതിന് കാരണം ലോക ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ്. ഞാന്‍ മന്ത്രിയായ ശേഷം നാലു തവണ ലോകബാങ്കിന്റെ പ്രതിനിധികള്‍ കാണാന്‍ വന്നു. ഇവിടുത്തെ ടീം ലീഡര്‍, അയാള്‍ ഒരു ആഫ്രിക്കന്‍ അമേരിക്കനാണ്. എന്നുവച്ചാല്‍ ഒബാമയുടെ വംശം. അയാള്‍ നീഗ്രോയാണ്. നൂറ്റാണ്ടിനു മുമ്പ അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടു വന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്’.

കാസര്‍കോഡ് പൊതുമരാമത്തു പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. സുധാകരന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം തര്‍ജ്ജിമ ചെയ്ത് ലോക ബാങ്കിന്റെ ഡല്‍ഹി കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ലഭിച്ചു. ബാങ്ക് പ്രതിനിധികള്‍ പ്രതിഷേധവുമായി മന്ത്രിയെ കാണുമെന്ന് വിവരമുണ്ട്.

വംശീയ അധിക്ഷേപം നടത്തിയതില്‍ സുധാകരന്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. ‘നീഗ്രോ’ എന്ന വിശേഷണം ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ വംശവെറി വച്ചു പുലര്‍ത്തുന്ന ആളല്ല, തന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ പരമാര്‍ശം മോശമായി എന്നു വ്യക്തമാക്കിയതിനാല്‍ ക്ഷമ ചോദിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. ബെര്‍ണാര്‍ഡിനെ മോശക്കാരനാക്കാന്‍ വേണ്ടിയല്ല അങ്ങനെ പറഞ്ഞതെന്നും ഇതുമായി ബന്ധപ്പെട്ട് ലോക ബാങ്ക് പ്രതിനിധികള്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയാല്‍ ഇക്കാര്യം അവരെ നേരിട്ടു ബോധ്യപ്പെടുത്താനും തയ്യാറാണെന്നും സുധാകരന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍