UPDATES

ഗോരഖ്പൂര്‍ ദുരന്തം: സ്വന്തം നിലക്ക് കുട്ടികള്‍ക്ക് പ്രാണവായു എത്തിച്ച ഡോക്ടറെ പുറത്താക്കി

സ്വന്തം പണം ചിലവഴിച്ച് കുട്ടികളെ രക്ഷപെടുത്തിയതിന്റെ പേരില്‍ കഫില്‍ ഖാന്‍ പൊതുജനശ്രദ്ധ നേടിയിരുന്നു

ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷനും എന്‍സഫലിസറ്റുമായ ഡോ കഫീല്‍ ഖാനെ പുറത്താക്കി. ഓക്സിജന്‍ നിലച്ചപ്പോള്‍ സ്വന്തം പണം ചിലവഴിച്ച് കുട്ടികളെ രക്ഷപെടുത്തിയതിന്റെ പേരില്‍ കഫില്‍ ഖാന്‍ പൊതുജനശ്രദ്ധ നേടിയിരുന്നു. നൂറുകണക്കിനു കുട്ടികള്‍ക്കാണ് അദ്ദേഹം സ്വന്തം നിലക്ക് പ്രാണവായു എത്തിച്ചു നല്‍കിയത്. സംസ്ഥാനത്തെ വ്യത്യസ്ത നഴ്‌സിംങ് ഹോമുകളില്‍ നിന്നുമാണ് ഇദ്ദേഹം ഓക്സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്. ഇദ്ദേഹത്തെ മാറ്റി പകരം ഡോ. ഭൂപേന്ദ്ര ശര്‍മ്മക്ക് ചാര്‍ജ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡോ. ഖാനിന്റെ ഇടപെടലുകള്‍ കാരണം നിരവധി കുട്ടികളെ അദ്ദേഹത്തിന് രക്ഷപെടുത്താന്‍ കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണിത്.

Also Red: നന്ദി പറയാം ഡോ. കഫീല്‍ ഖാന്; നിരവധി കുഞ്ഞുങ്ങളെ മരണത്തിനു വിട്ടുകൊടുക്കാതെ കാത്തതിന്

ഓക്സിജന്‍ കിട്ടാതെയല്ല ഗോരഖ്പൂരില്‍ 63 കുട്ടികള്‍ മരണപ്പെട്ടതന്ന് ഉത്തര്‍പ്രദേശ് ഭരണകൂടം ആവര്‍ത്തിക്കുമ്പോള്‍ ദുരന്തം നടന്ന ആശുപത്രിയിലെലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ പ്രവര്‍ത്തികള്‍ ഒരേ സമയം അദ്ദേഹത്തെ ഒരു ഹീറോ ആക്കുന്നതിനൊപ്പം ‘കൂട്ടക്കുരുതി’ യെക്കുറിച്ചുള്ള സര്‍ക്കാര്‍ ന്യായീകരണത്തെ പൊളിക്കുന്നതുമായിരുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷ്യനും മസ്തിഷ്‌കവീക്കരോഗ വാര്‍ഡിലെ ചീഫുമായ കഫീല്‍ ഖാന്റെ മനുഷ്യത്യപരമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഇപ്പോള്‍ വരുന്നതിലും ഏറെയാകുമായിരുന്നു.

സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കണ്ട് ഡോക്ടര്‍ ഖാന്‍ നടത്തിയ മുന്നൊരുക്കം മറ്റുള്ളവരും നടത്തിയിരുന്നെങ്കില്‍ 63 കുഞ്ഞുങ്ങളുടെ മരണവാര്‍ത്ത രാജ്യത്തിന് കേള്‍ക്കേണ്ടി വരില്ലായിരുന്നു. ഓഗസ്റ്റ് 10 രാത്രി തന്നെ ഓക്സിജന്‍ വിതരണം മുടങ്ങുകയാണെന്ന് ഡോക്ടര്‍മാര്‍ക്കും ആശുപത്രിയധികൃതര്‍ക്കും മനസിലായിരുന്നു. സ്ഥിരി ഗുരുതരമാണെന്നു മനസിലാക്കി ആശുപത്രിയധികൃതര്‍ ലക്നൗവിലുള്ള ഓക്സിജന്‍ സിലണ്ടര്‍ വിതരണ കമ്പനിയെ പലതവണ ബന്ധപ്പെട്ടു. കുടിശ്ശിക തീര്‍ക്കാതെ വിതരണം നടത്തില്ലെന്നായിരുന്നു മറുപടി. അതോടെ മറ്റുള്ളവര്‍ നിശബ്ദരായെങ്കിലും ഡോ. ഖാന് വെറുതെയിരിക്കാനായില്ല. അദ്ദേഹം സ്വയം മുന്നിട്ടിറങ്ങി.

തന്റെ കാറുമെടുത്ത് ആ രാത്രിയില്‍ അദ്ദേഹം ചില സ്വകാര്യ നഴ്സിംഗ് ഹോമുകളിലേക്കു പോയി. കാര്യം അവതരിപ്പിച്ചു. മൂന്നു സിലണ്ടറുകള്‍ ഖാന് കടം കിട്ടി. അതുമായി തിരികെ ആശുപത്രിയിലെത്തി. ഓക്സിജന്‍ സിലണ്ടര്‍ തേടിയിറങ്ങുന്നതിനു മുന്നെ ഡ്യൂട്ടിയിലുള്ള തന്റെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞുബോധ്യപ്പെടുത്തിയിരുന്നു ഖാന്‍. സെന്‍ട്രല്‍ പൈപ് ലൈനില്‍ നിന്നുള്ള ഓക്സിജന്‍ വിതരണത്തില്‍ കുറവ് വരുകയാണെങ്കില്‍ ആംബ്യു ബാഗ്സ് പമ്പ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

കിട്ടിയ ഓക്സിജന്‍ സിലണ്ടറുകളുമായി ശരവേഗത്തില്‍ ഖാന്‍ തിരികെ ആശുപത്രിയില്‍ എത്തുമ്പോള്‍ വെറും അരമണിക്കൂര്‍ നേരത്തേക്ക് മാത്രമായി ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ വിതരണം കുറഞ്ഞിരുന്നു.

രാവിലെ ആറു മണിയോടെ ഓക്സിജന്‍ ദൗര്‍ലഭ്യം രൂക്ഷമാവുകയും കുട്ടികള്‍ ഗുരുതരാവസ്ഥയിലേക്ക് വീഴുകയും ചെയ്തു. കാര്യങ്ങള്‍ കൈയില്‍ നില്‍ക്കുന്നില്ലെന്നു വീണ്ടും ഖാന് ബോധ്യമായി. അദ്ദേഹം വീണ്ടും സിലണ്ടറുകള്‍ അന്വേഷിച്ചിറങ്ങി. ഇത്തവണ ഖാനെ ഭാഗ്യം കൂടുതല്‍ തുണച്ചു. നഴ്സിംഗ് ഹോമുകളില്‍ നിന്നും അദ്ദേഹത്തിന് 12 സിലണ്ടറുകള്‍ കിട്ടി. ഈ സിലണ്ടറുകള്‍ കുട്ടികളുടെ വാര്‍ഡില്‍ എത്തിക്കാനായി നാലു തവണ അദ്ദേഹത്തിന് അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിക്കേണ്ടി വന്നു.

ഇടയില്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോ. ഖാനെ കാത്ത് പ്രതീക്ഷയേകുന്നൊരു വാര്‍ത്തയുണ്ടായിരുന്നു. ഒരു പ്രാദേശിക ഓക്സിജന്‍ വിതരണക്കാരന്‍ സിലണ്ടറുകള്‍ നല്‍കാന്‍ തയ്യാറാണ്. പണം രൊക്കം കൊടുക്കണം. ഖാന്‍ മറ്റൊന്നും ആലോചിച്ചില്ല. തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ കൈവശം എടിഎം കാര്‍ഡ് കൊടുത്തശേഷം പണം പിന്‍വലിച്ച് സിലണ്ടര്‍ വിതരണക്കാരനു നല്‍കാന്‍ പറഞ്ഞു. 10,000 രൂപയാണ് ഖാന്റെ അകൗണ്ടില്‍ നിന്നും പിന്‍വലിച്ചു വിതരണക്കാരനു നല്‍കിയത്. ഫൈസബാദില്‍ നിന്നുള്ള ഓക്സിജന്‍ സിലണ്ടറുകള്‍ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ ട്രക്ക് ഡ്രൈവര്‍ക്ക് കൂലി നല്‍കിയതും ഖാന്റെ സ്വന്തം പണം.

ഡോക്ടര്‍ കഫീല്‍ ഖാന്റെ ഈ പ്രവര്‍ത്തികള്‍ മൂലം ജീവന്‍ നഷ്ടപ്പെടാതെ കാക്കാന്‍ കഴിഞ്ഞത് നിരവധി കുട്ടികളെയാണ്. പക്ഷേ അദ്ദേഹത്തിന് ഒറ്റയ്ക്ക് ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍