UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളനോട്ടുകള്‍ വ്യാപിക്കുന്നു; നോട്ടുകളുടെ സുരക്ഷാ ക്രമീകരണം വീണ്ടും മാറും

പുതുതായി പുറത്തിറങ്ങിയ രണ്ടായിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ സുരക്ഷയാണ് വര്‍ദ്ധിപ്പിക്കുന്നത്

രാജ്യത്ത് കള്ളനോട്ടുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നോട്ടുകളിലെ സുരക്ഷ ക്രമീകരണങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. പുതുതായി പുറത്തിറങ്ങിയ രണ്ടായിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ സുരക്ഷയാണ് വര്‍ദ്ധിപ്പിക്കുന്നത്.

3-4 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ രാജ്യാന്തര നിലവാരത്തിനൊത്ത് നോട്ടുകളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇക്കഴിഞ്ഞ നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകളും അസാധുവാക്കിയത്. കള്ളപ്പണത്തിന്റെയും കള്ളനോട്ടുകളുടെയും വ്യാപനം തടയാനാണ് ഇതെന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നടന്ന പരിശോധനകളില്‍ വ്യാപകമായി വ്യാജ നോട്ടുകള്‍ കണ്ടെത്തിയിരുന്നു.

ഒരിക്കലും കള്ളനോട്ട് ഇറക്കാന്‍ സാധിക്കില്ലെന്ന് അവകാശപ്പെട്ട പുതിയ 2000 രൂപ നോട്ടിലെ സുരക്ഷ ക്രമീകരണങ്ങളിലെ 17ല്‍ 11ഉം കള്ളനോട്ടുകളില്‍ അനുകരിക്കപ്പെട്ടിട്ടുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. നോട്ടിലെ സുതാര്യമായ സ്ഥലം, വാട്ടര്‍മാര്‍ക്ക്, അശോക സ്തംഭം, ഇടതുവശത്ത് രേഖപ്പെടുത്തിയ 2000 രൂപ, റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ്, ദേവനാഗരി ലിപിയിലെ എഴുത്തുകള്‍ തുടങ്ങിയവയാണ് പകര്‍ത്തപ്പെട്ടത്.

ധന-ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിയും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വികസിത രാജ്യങ്ങളില്‍ നോട്ടുകളിലെ സുരക്ഷ ക്രമീകരണങ്ങള്‍ മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ മാറ്റാറുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. സുരക്ഷ ക്രമീകരണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാണ് കള്ള് നോട്ട് തടയുമെന്ന് പ്രഖ്യാപിച്ച് നോട്ട് നിരോധിച്ചതിന് ശേഷവും നോട്ടുകള്‍ അച്ചടിച്ചിരുന്നത്.

കഴിഞ്ഞ ദിവസവും വ്യാപകമായി കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇത് ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്ഥാനില്‍ അച്ചടിച്ചതാണെന്നും ബംഗ്ലാദേശ് വഴിയാണ് ഇവ ഇന്ത്യയിലെത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷയിലെ മാറ്റങ്ങള്‍ വഴി കള്ളനോട്ടുകള്‍ വ്യാപിക്കുന്നത് തടയാനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍