UPDATES

പ്രളയം 2019

വയനാട് പുത്തുമലയില്‍ അതിതീവ്ര മഴ തുടരുന്നു, സൈന്യത്തിന്റെ സഹായം തേടി നാട്ടുകാര്‍

ആറു ക്യാമ്പുകളിലായി ആയിരത്തോളം പേര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടനിലയിലാണ്.

വയനാട് പുത്തുമലയില്‍ അതിതീവ്ര മഴ തുടരുകയാണ്. മുണ്ടക്കൈ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഏക്കര്‍ കണക്കിനു സ്ഥലത്താണ് ചെളി കെട്ടിക്കിടക്കുന്നത്. ആധുനിക നൂതന സാങ്കേതിക വിദ്യകളുടെ സഹായമില്ലാതെ തിരച്ചില്‍ നടത്തുക പ്രയാസകരമായിരിക്കും.

പുത്തുമലയ്ക്കപ്പുറമുള്ള പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. മുണ്ടക്കൈ വനത്തിനുള്ളിലുള്ള ഡം ഡം, റാണിമല എസ്റ്റേറ്റുകളില്‍ എഴുപതോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. പുഴകള്‍ ശക്തമായി കരകവിഞൊഴുകുന്നതിനാല്‍ ഇന്നലെ അവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് സൈന്യത്തിന്റെ സഹായത്തോടെ അതു സാധ്യമാകുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

മേപ്പാടിയില്‍ നിന്നും കേവലം ഒന്‍പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശമാണെങ്കിലും സാധാരണ നിലയില്‍തന്നെ അവിടെ എത്തിപ്പെടാന്‍ ഒരു മണിക്കൂറോളം സമയമെടുക്കാറുണ്ട്. നെല്ലിമുണ്ട, മീനാക്ഷി, താഞ്ഞിലോട് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡിലേക്ക് കുന്നിടിഞ്ഞുവീണു ഗതാഗതയോഗ്യമല്ല. കള്ളാടി മഖാം വളവിലാണ് വലിയ കുന്നിടിച്ചിലുണ്ടായത്. ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലും പിരോഗമിക്കുകയാണ്. പുത്തുമലയിലെ ക്യാമ്പുകളിലുള്ള ആളുകളെ മേപ്പാടിയിലേക്ക് ഇന്നലെത്തന്നെ മാറ്റിയിരുന്നു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ നാലോളം ക്യാമ്പുകളില്‍ കഴിയുന്നവരെ ഇന്നുതന്നെ അവിടെ നിന്നും മാറ്റിയേക്കും.

“ഉരുള്‍പൊട്ടലില്‍ പുത്തുമല പാലം ഒലിച്ചുപോയതിനാല്‍ അതിനപ്പുറത്തുള്ള നിരവധി ഗ്രാമങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഏലവയല്‍, സൂചിപ്പാറ, നീലിക്കാപ്പ്, ചൂരല്‍മല, അട്ടമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലും വ്യാപകമായ കുന്നിടിച്ചിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ആറു ക്യാമ്പുകളിലായി ആയിരത്തോളം പേര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടനിലയിലാണ്. ഇവരെ മാറ്റി പാര്‍പ്പിക്കണമെങ്കില്‍ സൈന്യത്തിന്റെ സേവനം കൂടിയേതീരൂ” എന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈജ പറഞ്ഞു.

കേരളത്തിലെ മൺസൂൺ കലണ്ടർ മാറുന്നു; പ്രളയത്തിന് കാരണം ഡാമുകളല്ല, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശം തിരിച്ചു പെയ്യുന്ന കനത്ത മഴയെന്നും കാലാവസ്ഥാ വിദഗ്ദർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍