UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ക്ക് വിശദമായ സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഹാജരാകുന്നതില്‍ പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. ജാമ്യാപേക്ഷയുമായി ഇത് മൂന്നാം തവണയാണ് ദിലീപ് കോടതിയ്ക്ക് മുന്നിലെത്തിയത്.

നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയുരുന്നു. കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതി ദിലീപിനെതിരെ നടത്തിയത്. അതേസമയം ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ക്ക് വിശദമായ സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ ഇപ്പോഴത്തെയും നിലപാട്.

സിനിമ മേഖലയിലെ ഗൂഢാലോചനയുടെ ഇരയാണെന്നാണ് ജാമ്യഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്ന വാദം. സിനിമയിലെ ചില പ്രബലര്‍ പോലീസിന്റെ രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയോടെ തന്നെ ഇരയാക്കുകയായിരുന്നു. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അത് കണ്ടെടുക്കണമെന്നും കോടതിയെ അറിയിക്കും.

യുവനടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തത്. 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. രണ്ട് തവണ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍