UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യശ്രമത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി; പങ്ക് നിഷേധിച്ച് എസ്എഫ്‌ഐ

എസ്എഫ്‌ഐ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പെണ്‍കുട്ടിയുടെ ആത്മഹത്യകുറിപ്പ് നിഷേധിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യശ്രമത്തില്‍ ഉന്നത്ത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പെണ്‍കുട്ടിയെ കാണും. കൂടാതെ കോളേജില്‍ പോയി മൊഴിയെടുക്കും. ഇതിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പെണ്‍കുട്ടിയോ ബന്ധുക്കളോ കോളേജ് അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പക്ഷെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുക്കാനുള്ള നടപടിയിലേക്ക് നീങ്ങുകയാണ്. കുട്ടിയുടെ ആരോഗ്യനില ഭേദപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയേ വീട്ടിലക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം എസ്എഫ്‌ഐ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പെണ്‍കുട്ടിയുടെ ആത്മഹത്യകുറിപ്പ് നിഷേധിച്ചു. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. പെണ്‍കുട്ടിയെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തി സംഘടനപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നുവെന്ന ആത്മഹത്യകുറിപ്പിനോട് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്, ‘ഏകദേശം രണ്ട് മാസങ്ങളായി ക്യാമ്പസിന്റെ അകത്ത് യൂണിയന്‍ പരിപാടികളോ അക്കാദമിക് ക്ലാസുകളോ ഒന്നും നടക്കുന്നില്ല. സമര പരിപാടികളോ ഉണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തികൊണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നില്ല.’ എന്നായിരുന്നു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വിദ്യാര്‍ത്ഥി യൂണിയനില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് പ്രേരണയായതെന്നാണ് വിദ്യാര്‍ത്ഥിനിയെഴുതിയതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. വ്യാഴാഴ്ച്ച കോളേജിലേക്ക് പോയ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈകിട്ട് കാണാതായതിനു പിന്നാലെ വിളിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഓഫും ആയിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തു.

പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ക്ലാസ് സമയത്തും പരീക്ഷകള്‍ക്കിടയിലും ക്ലാസില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്തിറക്കി സംഘടന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ പങ്കെടുപ്പിക്കുന്നുവെന്നും തന്റെ പഠനം നഷ്ടപ്പെട്ടുപോകുന്നുവെന്ന പരാതിയാണ് രണ്ടു പേജില്‍ വരുന്ന ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നത്. എസ് എഫ് ഐ നേതാക്കന്മാര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചിരിക്കുന്നതെന്നു പറയുന്നു. നേരത്തെ തന്നെ പഠനം നഷ്ടപ്പെടുത്തി സംഘടന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ സാമൂഹ്യമാാധ്യമങ്ങളിലൂടെ പെണ്‍കുട്ടി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ചില അധ്യാപകരോടും സഹപാഠികളും തന്റെ വിഷമം ഈ പെണ്‍കുട്ടി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കോളേജിലെ മൊത്തം അവസ്ഥയെക്കുറിച്ചും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. അധ്യാപകര്‍ പോലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നുവെന്ന പരാതിയാണ് പെണ്‍കുട്ടി ഉയര്‍ത്തുന്നത്.

സംഘടന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നതിന്റെ പേരിലും താന്‍ നടത്തിയ പ്രതികരണങ്ങളുടെ പേരിലും തന്നെ ഒറ്റപ്പെടുത്തുന്ന നില വന്നെന്നും പ്രിന്‍സിപ്പലിന് അടക്കം ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തന്നോട് ഇത്തരത്തില്‍ യാതൊരു പരാതിയും വിദ്യാര്‍ത്ഥിനി പറഞ്ഞിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍