UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശൃംഗേരി മഠാധിപതി ഭാരതീതീര്‍ഥസ്വാമിയെ ദര്‍ശിച്ച് തോമസ് ഐസക്കും ജി.സുധാകരനും

മന്ത്രിമാരെ സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ആദ്യം ദര്‍ശനം നല്‍കുകയും ചെയ്തു

ശൃംഗേരി മഠാധിപതി ഭാരതീതീര്‍ഥസ്വാമിയെ ദര്‍ശിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും എത്തി. വ്യാഴാഴ്ച രാവിലെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി സ്വാമി ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിലെത്തിയപ്പോഴാണ് ഐസക്കും ജി.സുധാകരനും എത്തിയത്. പതിനൊന്നുമണിയ്ക്ക് എത്തിയ സ്വാമിയെ കാത്ത് നേരത്തേതന്നെ ഇവിടെ എത്തിയ മന്ത്രിമാരെ സ്വാമിക്കുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ആദ്യം ദര്‍ശനം നല്‍കുകയും ചെയ്തു.

സ്വാമി ദര്‍ശിക്കാന്‍ എത്തിയ ഇരുവരും തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. ദര്‍ശനത്തിനുശേഷം മന്ത്രിമാര്‍ക്ക് പ്രസാദമായി ആപ്പിള്‍ നല്‍കിയ സ്വാമി,’ഇതു മുഖ്യമന്ത്രിക്ക്’ എന്ന് പറഞ്ഞ് തോമസ് ഐസക്കിന് പ്രസാദം ഒരെണ്ണം കൂടുതല്‍ നല്‍കുകയും ചെയ്തു. സംസ്ഥാന അതിഥിയായ ആലപ്പുഴയില്‍ എത്തിയ ശൃംഗേരി മഠാധിപതിയെ വൈകിട്ട് മൂന്നരയോടെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്ര അയ്ച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയ കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്ന സിംഹാസനം മാറ്റിയിടിച്ചിരുന്നു. വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ സിംഹാസനം പിന്നിലേയ്ക്ക് മാറ്റുകയും കസേരകള്‍ മുന്നിലേയ്ക്കിടുകയുമായിരുന്നു ചെയ്തത്. മഠാധിപതിക്ക് പകരം ചടങ്ങിനെത്തിയത് ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. വിധുശേഖര സ്വാമി സ്റ്റേജിലേയ്ക്ക് കയറാതെ പോവുകയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള് കടകംപള്ളി വിശദീകരണവുമായി എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍