UPDATES

വിദേശം

യെമനിലെ തടങ്കല്‍ പാളയത്തില്‍ സൗദി-യുഎഇ സഖ്യത്തിന്റെ വ്യോമാക്രമണം; 100 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

യമനിലെ ധമറില്‍ ആയുധപ്പുരക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് സഖ്യസേനയുടെ വിശദീകരണം.

പടിഞ്ഞാറന്‍ യെമനിലെ തടങ്കല്‍ പാളയത്തില്‍ സൗദി-യുഎഇ സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 185 തടവുകാരാണ് അവിടെ ഉണ്ടായിരുന്നത്. ധമര്‍ നഗരത്തിന് വടക്ക് ഹൂതികള്‍ തടങ്കല്‍ കേന്ദ്രമായി ഉപയോഗിച്ചിരുന്ന സമുച്ചയത്തിലാണ് ആക്രമണം നടന്നത്.

60 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി ആരോഗ്യ മന്ത്രാലയ വക്താവ് യൂസഫ് അല്‍ ഹദ്രി അറിയിച്ചത്. മരണസംഖ്യ നൂറില്‍ അധികം ഉണ്ടാകാമെന്ന് യമനിലേക്കുള്ള അന്താരാഷ്ട്ര റെഡ് ക്രോസ് പ്രതിനിധി സംഘത്തിന്റെ തലവന്‍ ഫ്രാന്‍സ് റൗച്ചന്‍സ്‌റ്റൈനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘തടവുകാര്‍ താമസിച്ചിരുന്ന മൂന്നു ക്കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടാകാമെന്നും അവിടെ ഉണ്ടായവരില്‍ ബഹുഭൂരിഭാഗവും കൊല്ലപ്പെട്ടേക്കാമെന്നും’ റൗച്ചന്‍സ്‌റ്റൈന്‍ പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് തടങ്കല്‍ സമുച്ചയവും ആശുപത്രികളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

നേരത്തെ 50 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി വക്താവ് മുഹമ്മദ് അബ്ദുള്‍സലാം ട്വീറ്റ് ചെയ്തു. എന്നാല്‍ യമനിലെ ധമറില്‍ ആയുധപ്പുരക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് സഖ്യസേനയുടെ വിശദീകരണം. ജയിലാണ് ആക്രമിച്ചതെന്ന ഹൂതികളുടെ വാദം സഖ്യസേന പൂര്‍ണ്ണമായും തള്ളി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി സൗദി സഖ്യസേനക്കെതിരെ ആക്രമണം നടന്നിരുന്നുവെന്നും, അതിനു പിന്നാലെയാണ് ഹൂതികള്‍ക്ക് നേരെ നടപടി കടുപ്പിച്ചതെന്നും സഖ്യസേന അവകാശപ്പെടുന്നു. ഇപ്പോഴും തെക്കന്‍ വിഭജനവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

ധമറിലെ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നും ഡ്രോണുകളും മിസൈലുകളും സൂക്ഷിച്ചിരുന്ന സ്ഥലം പൂര്‍ണ്ണമായും നശിപ്പിച്ചതായും സൗദി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്. യമന്റെ തലസ്ഥാനമായ സന ഹൂതികള്‍ പിടിച്ചെടുത്തതിന് ശേഷം സമീപകാലത്ത് നിരവധി ആക്രമണങ്ങളാണ് സൗദി-ഹൂതി സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടായത്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍