UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതകത്തില്‍ ‘ജയില്‍ യോഗ’മുണ്ടോ? എങ്കില്‍ നിങ്ങളെ യുപി സര്‍ക്കാര്‍ സഹായിക്കും

ജോത്സ്യന്റെ നിര്‍ദേശ പ്രകാരം ജയിലില്‍ കിടക്കാനെത്തുന്നവരുടെ എണ്ണം യുപിയില്‍ കൂടുന്നു

അന്ധവിശ്വാസത്തിന്റെ പേരില്‍ സ്വന്തം ഇഷ്ടപ്രകാരം ജയിലില്‍ കഴിയാന്‍ തയ്യാറാകുന്ന ആളുകള്‍ ഉണ്ട് ഉത്തര്‍പ്രദേശില്‍. ജാതകത്തിലെ ‘ജയില്‍ യോഗം’ തീര്‍ക്കാന്‍ വേണ്ടിയാണ് ഇവര്‍ കുറ്റമൊന്നും ചെയ്യാതെ തന്നെ ജയിലില്‍ കഴിയുന്നത് എന്നു ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാതകത്തില്‍ ‘ജയില്‍ യോഗം’ ഉള്ളതിനാല്‍ ഭാവിയില്‍ എന്തെങ്കില്‍ കുഴപ്പത്തില്‍പ്പെട്ട് ജയിലില്‍ അകപ്പെടാതിരിക്കാന്‍ സ്വമേധയാ ജയിലില്‍ കഴിഞ്ഞവരില്‍ ഒരാളാണ് ഗോമതിനഗറിലെ വ്യവസായിയും 38 വയസ്സുകാരനുമായ രാമേഷ് സിങ്ങ്. കഴിഞ്ഞ മെയില്‍ 24 മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞ ഇദ്ദേഹം ഇതിന് തയ്യാറായത് ഒരു ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമാണ്. കുറ്റമൊന്നും ചെയ്യാതെ തന്നെ കുറച്ച് സമയം ജയിലില്‍ കഴിഞ്ഞാല്‍ ഭാവിയിലെ ഭീഷണി ഒഴിവാക്കാമെന്നായിരുന്നു ജോത്സ്യന്റെ നിര്‍ദേശം.

ജാതകത്തിന്റെ പകര്‍പ്പോടുകൂടി നല്‍കിയ അപേക്ഷക്ക് ഒരു മാസത്തിനുള്ളില്‍ തന്നെ രേഖകളുടെ വിശദമായ പരിശോധനക്ക് ശേഷം ജില്ലാ ഭരണകൂടം അനുമതി നല്‍കുകയായിരുന്നു. ഒരു പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ രമേഷ് 24 മണിക്കൂര്‍ ജയിലിലെ ഭക്ഷണം മാത്രം കഴിച്ച് പൂര്‍ണ്ണമായും ജയില്‍ വാസം അനുഭവിച്ചത് ദൈവം തന്റെ പാപങ്ങളെല്ലാം ക്ഷമിക്കുവാനും ശരിയായ പാതയില്‍ നയിക്കുവാനും വേണ്ടിയാണ്. രമേഷിന്റേത് പൂര്‍ണ്ണമായ ജയില്‍വാസം ആയിരിക്കണമെന്ന് ജോത്സ്യനും നിര്‍ബന്ധമുണ്ടായിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ അനുവാദത്തോടുകൂടിയാണ് ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നത്. 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ ജയിലില്‍ കഴിയാന്‍ അനുവാദം ചോദിച്ചുകൊണ്ട് ഒരു വര്‍ഷം 24ഓളം അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന് മുന്നില്‍ വരുന്നത്. കോടതിയുടെ ഉത്തരവൊന്നും കൂടാതെ ഇവരെ പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ കഴിയാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്.

കുറ്റം ചെയ്യാത്തവരെ ജയിലിലടക്കാന്‍ നിയമം അനുവദിക്കുന്നില്ലെങ്കിലും ആളുകള്‍ അപേക്ഷ നല്‍കുന്നത് മതപരമായ അടിസ്ഥാനത്തിലാണ് എന്നതാണ് അനുവാദം നല്‍കുന്നതിനുള്ള ന്യായീകരണമായി ജില്ലാ ഭരണകൂടം പറയുന്നത്. ജയിലില്‍ കഴിയാനുള്ള അപേക്ഷ മതപരമായ അടിസ്ഥാനത്തിലാണെന്ന് ജാതകമടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ അംഗീകരിക്കപ്പെടുകയുള്ളൂ.

ജയില്‍ വാസത്തിലൂടെ ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍ കൊണ്ടും ജീവിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയവരും ഉണ്ട്. നിലത്ത് കിടന്നുറങ്ങിയും ജയിലിലെ വെള്ളം കുടിച്ചും ഭക്ഷണം കഴിച്ചും 24 മണിക്കൂറുകള്‍ കഴിച്ചു കൂട്ടാന്‍ പാടുപെടുകയായിരുന്നു ഇവര്‍.

ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നത് ജാതകത്തിലെ ജയില്‍ യോഗം മറികടക്കാന്‍ സഹായിക്കുമെന്ന വാദം മുന്നോട്ട് വെക്കുന്നവരില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ജ്യോതിശാസ്ത്രജ്ഞരുമുണ്ട്. ലക്ക്‌നൗ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര വിഭാഗത്തിലെ ബിപിന്‍ പാണ്ഡെ അവകാശപ്പെടുന്നത് ജാതകത്തില്‍ രാഹുവിന്റെ സാന്നിധ്യം ജയില്‍ വാസത്തിന് മാത്രമല്ല മരണശിക്ഷ അനുഭവിക്കാനും കാരണമാകുമെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍