UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബത്തിലെ തിരക്കോ സഭയില്‍ അവധിക്ക് കാരണങ്ങളല്ല’; കേരളയാത്ര നടത്താന്‍ അവധിക്കു അപേക്ഷിച്ച ജോസ് കെ മാണിയോട് രാജ്യസഭാധ്യക്ഷന്‍

‘അവധിക്ക് അപേക്ഷിക്കാന്‍ മതിയായ കാരണം വ്യക്തമാക്കണം. പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബത്തിലെ തിരക്കോ ഒന്നും സഭയില്‍ ഹാജരാകാതിരിക്കാനുളള കാരണങ്ങളല്ല.’

‘പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബ തിരക്കോ സഭയില്‍ അവധിക്ക് കാരണങ്ങളല്ല’ കേരള കോണ്‍ഗ്രസ് (എം) ഉപാധ്യക്ഷനും എംപിയുമായ ജോസ് കെ മാണിയുടെ അവധി കത്തിന് രാജ്യസഭാധ്യക്ഷന്റെ ഓര്‍മപ്പെടുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളയാത്ര നടത്താന്‍ രാജ്യസഭയില്‍ നിന്ന് അവധി ആവശ്യപ്പെട്ട് ജോസ് കെ മാണി രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്ത് നല്‍കിയിരുന്നു.

ജോസ് കെ മാണിയുടെ അവധിയപേക്ഷ അദ്ദേഹം സഭയില്‍ വായിച്ചു കേള്‍പ്പിച്ചതിന് ശേഷം നായിഡു പറഞ്ഞത്, ‘ഇങ്ങനെയൊരു കത്ത് എഴുതരുതായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനം എല്ലാവര്‍ക്കുമുണ്ട്. അവധിക്ക് അപേക്ഷിക്കാന്‍ മതിയായ കാരണം വ്യക്തമാക്കണം. പാര്‍ട്ടി പ്രവര്‍ത്തനമോ കുടുംബത്തിലെ തിരക്കോ ഒന്നും സഭയില്‍ ഹാജരാകാതിരിക്കാനുളള കാരണങ്ങളല്ല.’ ഇങ്ങനെയാണ്.

ജോസ് കെ മാണിയുടെ അപേക്ഷ ചൂണ്ടിക്കാട്ടി അംഗങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട് വെങ്കയ്യ നായിഡു ജോസ് കെ മാണിക്ക് അവധി അനുവദിച്ചു. ആദ്യമായി രാജ്യസഭയില്‍ എത്തുന്ന വ്യക്തിയായതിനാല്‍ സഭയിലെ ചട്ടങ്ങള്‍ അറിയില്ലായിരിക്കാമെന്നാണ് കരുതുന്നത്. അതിനാലാണ് ജോസ് കെ മാണിക്ക് അവധി നല്‍കുന്നതെന്നും വെങ്കയ്യ നായിഡു രാജ്യസഭയെ അറിയിച്ചു.

കര്‍ഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള കേരളയാത്ര ജനുവരി 24നാണ് ആരംഭിക്കുന്നത്. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍