UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് നേരെയും വധഭീഷണി

ഗൗരിയുടെ കൊലപാതകത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍, പുരോഗമനവാദികള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് നേരെ നിരന്തരം ഭീഷണികള്‍ ഉയരുന്നുണ്ട്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന് പിന്നാലെ എന്‍ഡിടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ രവീഷ് കുമാറിന് നേരെയും വധഭീഷണി. ഇന്നലെ രാവിലെ രവീഷിനെ ഫോണില്‍ വിളിച്ചും ഫേസ്ബുക്ക് പേജിലൂടെയുമാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ജനപക്ഷത്ത് നില്‍ക്കുകയും യുക്തിസഹമായ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന വ്യക്തിയാണ് രവീഷ്. അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലൂടെ രവീഷിനെ അപമാനിച്ചിരുന്നു. നാല് വര്‍ഷമായി ഇദ്ദേഹത്തിനെതിരെ ട്രോള്‍ ആക്രമണമുണ്ടെങ്കിലും ഇപ്പോഴത്തെ ഭീഷണി കോളുകള്‍ അവഗണിക്കാനാകില്ല. പ്രത്യേകിച്ചും ലങ്കേഷിന്റെ മരണത്തിന് ശേഷം. കൊല്ലപ്പെടും വരെയും അവര്‍ക്കെതിരെയും ഇത്തരം വധഭീഷണി കോളുകള്‍ ഉണ്ടായിരുന്നു. തന്റെ അഭ്യുദയകാംഷികളുടെ നിര്‍ദേശപ്രകാരം ഭീഷണി റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് രവീഷ് ഇന്യൂസ്‌റൂമിനെ അറിയിച്ചു.

എന്‍ഡിടിവിയിലെ പ്രൈം ടൈം ഷോയുടെ അവതാരകനായ രവീഷ് ഈ ഷോയെ പുനര്‍നവീകരിച്ച മാധ്യമപ്രവര്‍ത്തകനാണ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി വന്ന ചില കമന്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം മറുപടി പറയുകയും ചെയ്തിരുന്നു. ഗൗരിയുടെ കൊലപാതകത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍, പുരോഗമനവാദികള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് നേരെ നിരന്തരം ഭീഷണികള്‍ ഉയരുന്നുണ്ട്. ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന്‍ കോര്‍ഡിനേറ്ററും എഴുത്തുകാരനുമായ സമര്‍ ആചാര്യയ്ക്കും കഴിഞ്ഞദിവസം വധഭീഷണി കോള്‍ ലഭിച്ചിരുന്നു. ഹോംഗ്‌കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് സമര്‍. തന്റെ ഫോണ്‍ നമ്പര്‍ പൊതുയിടത്തില്‍ ലഭ്യമാണെന്നും അതിനാല്‍ ആര്‍ക്കും തന്നെ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്റെ ഹോംഗ്‌കോംഗ് നമ്പറില്‍ ലഭിച്ച ഈ ഭീഷണി കോളില്‍ നിന്നും ജനങ്ങള്‍ എങ്ങോട്ടാണ് പോകുന്നെന്ന് മനസിലാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ ഒരു ലിസ്റ്റ് തയ്യാറാക്കി വച്ചിരിക്കുകയാണെന്ന് താന്‍ മനസിലാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് വൈറില്‍ എഴുതിയ ലേഖനത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തിട്ടൂരങ്ങള്‍ അനുസരിക്കാത്തവര്‍ക്കുള്ള സന്ദേശമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെന്നാണ് സായ്‌നാഥ് എഴുതിയത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകയായ ഗൗരിയോട് തന്റെ ചിന്തകള്‍ ഉറക്കെ വിളിച്ചുപറയരുതെന്നാണ് ഭീഷണി മുഴക്കിയത്. ഇതിനെ തുടര്‍ന്നാണ് ബംഗളൂരുവിലെ തന്റെ വീടിന് മുന്നില്‍ അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

എംഎം കുല്‍ബര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതിന് സമാനമായ കൈത്തോക്കാണ് ഗൗരിയ്ക്ക് നേരെയും വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ കൊലപാതകങ്ങളെല്ലാം പദ്ധതി പ്രകാരം നടത്തിയതാണെന്ന് നേരത്തെ ബോംബെ ഹൈക്കോടതി വിലയിരുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍