UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിനായകിന്റെ മരണം; പോലീസുകാര്‍ക്കെതിരെ നടപടിയില്ല; തിരുവോണത്തിന് പട്ടിണി സമരവുമായി ദളിത്‌ സംഘടനകള്‍

ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം

പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളില്‍ പട്ടിണി സമരം നടത്തുന്നു. ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം. വിനായകിനും കുടുംബത്തിനും നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റ് ചെയ്യണമെന്നുമാണ് ദളിത് സംഘടനകളുടെ ആവശ്യം.

ജൂലൈ 17-നാണ് പാവറട്ടി പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ മനംനൊന്ത് ജൂലൈ 18-ന് പത്തൊമ്പതുകാരനായ വിനായകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

വിനായകന്റെ പിതാവിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും അതിന് തെളിവാണ് മുടി നീട്ടി വളര്‍ത്തിയതെന്നുമൊക്കെ ആയിരുന്നു പോലീസിന്റെ ആരോപണം. വിനായകിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ജനനേന്ദ്രിയത്തില്‍ ചവിട്ടുകയും മുലക്കണ്ണു പിടിച്ചു ഞെരിക്കുന്നതും ഉള്‍പ്പെടെയുള്ള ക്രൂരതകളാണ് അന്ന് അരങ്ങേറിയത്.

വിനായകിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റ് ചെയ്തില്ല എന്നു മാത്രമല്ല, സാക്ഷികളായവരുടെ മൊഴി മാറ്റാനും പോലീസിന്റെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍