UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ കേസ്: എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍

രവീന്ദ്രന്‍ പിന്മാറിയ സാഹചര്യത്തില്‍ പുതിയ ജഡ്ജിയെ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടും

ഹാദിയ കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ 16ന് സുപ്രിംകോടതിയാണ് രവീന്ദ്രനെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ചത്.

രവീന്ദ്രന്‍ പിന്മാറിയ സാഹചര്യത്തില്‍ പുതിയ ജഡ്ജിയെ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടും. അന്വേഷണം കുറ്റമറ്റതായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് സുപ്രിംകോടതി രവീന്ദ്രനെ നിയമിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഹാദിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐ അല്ലെങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. കേരള സര്‍ക്കാരിന്റെ കൈവശമാണ് ഈ കേസ് സംബന്ധിച്ച രേഖകളെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

ഹാദിയ, ഷെഫിന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് ഹാദിയയുടെ കൂടെ രക്ഷിതാക്കളായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തിക്കൊടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. യുവതിയെ കാണാനില്ലെന്ന ഹേബിയസ് കോര്‍പ്പസ് കേസ് നടക്കുന്ന കാലത്താണ് വിവാഹം നടന്നതെന്നതും വിവാഹം റദ്ദാക്കാന്‍ കാരണമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍