UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത്; പരിഹാസവുമായി കമല്‍ ഹാസന്‍

ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ജയിലുകളില്‍ ഇടം ഇല്ലാതായതോടെ കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുകയാണെന്നും കമല്‍ഹാസന്‍ പറയുന്നു.

വെടിവെച്ചോ, തൂക്കിലേറ്റിയോ കൊല്ലണമെന്ന് ആഹ്വാനം ചെയ്തവരേയും, നാക്കരിയുമെന്ന് ഭീക്ഷണിപ്പെടുത്തിയവരേയും പരിഹസിച്ചു തള്ളി കമല്‍ഹാസന്‍. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് തന്നെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ജയിലുകളില്‍ ഇടം ഇല്ലാതായതോടെ കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുകയാണെന്നും കമല്‍ഹാസന്‍ പറയുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ് സെയാണെന്ന പ്രസ്താവന നടത്തിയതിന്റെ പേരിലാണ് നാവ് അരിഞ്ഞുകളയുമെന്നും, കൊന്നുകളയുമെന്നുമൊക്കെയുള്ള ഭീക്ഷണികള്‍ കമല്‍ഹാസനുനേരെ ഉയര്‍ന്നത്.

കമല്‍ഹാസന്റെ ആരോപണങ്ങള്‍ ഹിന്ദുത്വത്തിനെതിരാണെന്നും കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്നുമായിരുന്നു അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് അശോക് ശര്‍മയുടെ ആഹ്വാനം. കൂടാതെ തമിഴ്‌നാട് എഐഡിഎംകെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെടി രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന കമല്‍ഹാസന്റെ നാവ് മുറിച്ച് കളയണമെന്നായിരുന്നു.

തമിഴ്‌നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്‍ നാഥുറാം ഗോഡ് സെയെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. കമലിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കമലിനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം

അതേസമയം കമല്‍ഹാസന് എതിരെയുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നിരവധി പേരാണ് നടന് പിന്തുണയുമായി എത്തിയത്. കൊലപാതക ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വര്‍ഗീയ ശക്തികളെ നിയമപരമായി നേരിടണമെന്നും കമല്‍ഹാസന് നേരെ വധഭീഷണി മുഴക്കിയവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മജിക്കും ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Also Read- അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍