UPDATES

പ്രളയം 2019

പ്രളയജലം ആര്‍ത്തിരമ്പിയപ്പോള്‍ കൈക്കുഞ്ഞുമായി ചെറുതോണി പാലം കടന്ന കനയ്യ കുമാര്‍ ഇത്തവണ വയനാട്ടിലുണ്ട്, ദുരിതത്തില്‍പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍

വയനാട്ടിലാണ് ഇത്തവണ കനയ്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നത്.

കുതിച്ചൊഴുകി വരുന്ന പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ കുഞ്ഞിനെ നെഞ്ചോടൊതുക്കി ഓടുന്ന കനയ്യ കുമാര്‍ 2018ലെ പ്രളയകാലത്തെ അതിജീവനത്തിന്റെ പ്രതീകമായിരുന്നു. ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സമയത്ത് ഇടുക്കി ജില്ലയില്‍ സുരക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട സംഘത്തിന്റെ ഭാഗമായിരുന്നു 32 കാരനായ കനയ്യ കുമാര്‍. ഡാമുകള്‍ തുറന്ന് വെള്ളം കുതിച്ചൊഴുകി വരുന്നതിന് തൊട്ട്മുന്‍പ് ഒരു കുട്ടിയെ രക്ഷിക്കാന്‍ കനയ്യ കാണിച്ച മനസായിരുന്നു അന്ന് അദ്ദേഹത്തെ താരമാക്കി മാറ്റിയത്.

സുരക്ഷാ സേനയിലെ അംഗമായ കനയ്യ കേരളത്തിലെത്തി ആദ്യ ദിവസം തന്നെ ഹീറോയായി മാറുകയായിരുന്നു. കനത്ത മഴക്കെടുതി കേരളത്തെ ബാധിച്ചതിനാല്‍ കനയ്യ വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ്. വയനാട്ടിലാണ് ഇത്തവണ കനയ്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സേന നിര്‍വ്വഹിച്ച രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും,കേരളത്തിലെ ജനങ്ങളില്‍നിന്ന് വളരെ അധികം സ്‌നേഹവും ആദരവും ലഭിക്കുന്നുവെന്നും കനയ്യ പറയുന്നു. ഞങ്ങള്‍ ഞങ്ങളുടെ കടമയാണ് ചെയ്യുന്നതെന്നാണ് കനയ്യ അഭിപ്രായപ്പെടുന്നത്.

2018ലെ പ്രളയ ദിനത്തെ കനയ്യ ഓര്‍മ്മിക്കുന്നതിങ്ങനെയാണ് ‘ചെറുതോണി പാലത്തിന് എതിര്‍വശത്തുനിന്ന് ഒരാള്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ നോക്കി നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. പാലത്തിലൂടെ ഓടി മറുവശത്ത് ചെന്നപ്പോള്‍ ഒരാള്‍ കുഞ്ഞുമായി നില്‍കുന്നതാണ് കണ്ടത്. കുട്ടിയെ വാങ്ങി വേഗംതന്നെ തിരിച്ചോടി.പുഴ കുതിച്ചൊഴുകി വരുന്നുണ്ടായിരുന്നു. എന്നാല്‍ ഭയം തോന്നിയില്ല, കടമയായിരുന്നു വലുത്.’

2018ലെ പ്രളയത്തിന്റെ അതിജീവനം എന്ന പരിപാടിക്കുവേണ്ടി സര്‍ക്കാര്‍ കനയ്യ കുമാറിനെ ക്ഷണിക്കാനിരിക്കുകയായിരുന്നു. ബിഹാറിലെ ലക്ഷിസാരിയാണ് കനയ്യയുടെ സ്ഥലം. 2016ലാണ് സുരക്ഷാ സേനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍