UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക വനത്തില്‍ നിന്നുള്ള നീരൊഴുക്കു നിലച്ചു; പ്രളയത്തില്‍ കണ്ണൂരിനെ വിറപ്പിച്ച തേജസ്വിനിപ്പുഴ വറ്റിവരണ്ടു

4 മാസം മുമ്പുവരെ കുലംകുത്തി ഒഴുകിയ പുഴയില്‍ നിലവില്‍ ഏതാനും കുഴികളില്‍ മാത്രമാണ് വെള്ളം അവേശേഷിച്ചിരിക്കുന്നത്.

പ്രളയത്തില്‍ കണ്ണൂരിനെ ഭയപ്പെടുത്തിയ തേജസ്വിനിപ്പുഴ വറ്റിവരണ്ടു. കര്‍ണാടക വനത്തില്‍ നിന്നുള്ള നീരൊഴുക്കു നിലച്ചതാണ് പുഴയിലെ ഒഴുക്കും നിലച്ചു തുടങ്ങിയത്. കര്‍ണാടക വനത്തില്‍നിന്ന് ഒഴുകിയെത്തുന്ന 2 ജലസ്രോതസ്സുകളാണ് തേജസ്വിനിപ്പുഴയായി മാറുന്നത്. ഈ ജല സ്രോതസ്സുകളില്‍ ഒന്ന് പൂര്‍ണമായും വറ്റിവരണ്ടു.

4 മാസം മുമ്പുവരെ കുലംകുത്തി ഒഴുകിയ പുഴയില്‍ നിലവില്‍ ഏതാനും കുഴികളില്‍ മാത്രമാണ് വെള്ളം അവേശേഷിച്ചിരിക്കുന്നത്. ചെറുപുഴ കമ്പിപ്പാലത്തിന് സമീപത്തെ തടയണയുടെ ഭാഗത്തു മാത്രമാണ് വെള്ളമുള്ളത്. പുഴ വറ്റിവരണ്ടത്തോടെ പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പ്, ഏഴിമല നാവിക അക്കാദമി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.

കൂടാതെ മലയോര മേഖലയിലെ കിണറുകളിലെ ജലനിരപ്പും താഴ്ന്നു തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ കൃഷികളും ജല ദൗര്‍ലഭ്യത കാരണം ഉണങ്ങി നശിക്കാന്‍ തുടങ്ങി. കഴിഞ്ഞ പ്രളയകാലത്ത് കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നു തേജസ്വിനിപ്പുഴ 3 തവണയാണ് കരകവിഞ്ഞൊഴുകിയത്.

അതുകാരണം വനത്തില്‍നിന്നു വന്‍തോതില്‍ കല്ലും മണ്ണും ഒഴുകിവന്നു പുഴ നികന്നുവെന്നും അത് ജലനിരപ്പ് കുറയുന്നതിനു കാരണമായതായിയെന്നുമാണ് പ്രദേശവാസികളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തേജസ്വിനിപ്പുഴ

കര്‍ണാടകത്തിലെ കൂര്‍ഗ് വനമേഖലിയില്‍ ഉള്‍പ്പെടുന്ന ബ്രഹ്മഗിരി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന തേജസ്വിനിപ്പുഴ കേരളത്തിലെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലയിലൂടെയാണ് ഒഴുകുന്നത്. കരിയങ്കോട് നദിയെന്നും ഇത് അറിയപ്പെടുന്നു. പുളിങ്ങോമിലൂടെ കാസര്‍ഗോഡ് പ്രവേശിപ്പിക്കുന്ന പുഴ ഹോസ്ദുര്‍ഗ് താലൂക്കിലെ മലകളിലും താഴ്‌വാരങ്ങളിലും കൂടി ഒഴുകി ചെറുപുഴ, കടുമേനി, കാക്കടവ്, കയ്യൂരും കടന്ന് തൈക്കടപ്പുറത്ത് വച്ച് അറബിക്കടലില്‍ ലയിക്കുന്നു.

കടലില്‍ പതിക്കുന്നതിന് മുമ്പായി നീലേശ്വരം പുഴയും തേജസ്വിനിപ്പുഴയോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്തുവച്ച് കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേര്‍ന്ന്, തെക്ക് – വടക്ക് ദിശയിലായി (രാമന്തളി മുതല്‍ നീലേശ്വരം വരെ) ജലപാത ഒരുക്കുന്നതില്‍ തേജസ്വിനിയുടെ പങ്ക് പ്രധാനമാണ്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്ന് സുല്‍ത്താന്‍ തോട് വഴി പഴയങ്ങാടി പുഴയിലേക്കും അവിടുന്ന് വളപട്ടണം പുഴ വഴി കണ്ണുര്‍ ജില്ലയിലെ കിഴക്കന്‍ മേഖലയിലേക്കും ഈ ജലപാത നീളുന്നു.

കാസര്‍ഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണ് നടത്തുക. വലിയപറമ്പ ദ്വീപ് ഈ പുഴയുടെ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്നത്. കയ്യൂര്‍ സമരം നടന്നതും കയ്യൂര്‍ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും പുഴയുടെ തീരത്താണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍