UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഎസിന്റെ ആഗോള ഭീകരപട്ടികയില്‍ ഐഎസ് ‘ചീഫ് റിക്രൂട്ടര്‍’ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അര്‍മറും

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐഎസ് ‘ചീഫ് റിക്രൂട്ടര്‍’ എന്ന് അറിയപ്പെടുന്ന മുപ്പതുകാരനായ അര്‍മറിനെ യുഎസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്‌മെന്റാണ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്

അമേരിക്കയുടെ ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അര്‍മറും. ഐഎസ് തീവ്രവാദ സംഘടനയിലേക്ക് ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നു യുവാക്കളെ ചേര്‍ക്കുന്നത് അര്‍മറിന്െറ നേതൃത്വത്തിലാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐഎസ് ‘ചീഫ് റിക്രൂട്ടര്‍’ എന്ന് അറിയപ്പെടുന്ന മുപ്പതുകാരനായ അര്‍മറിനെ യുഎസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്‌മെന്റാണ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ തകര്‍ച്ചയ്ക്കു ശേഷം കര്‍ണാടക, ഭട്കല്‍ സ്വദേശിയായ ആര്‍മര്‍ പാക്കിസ്ഥാനിലേക്കു കടന്നുവെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റിപ്പോര്‍ട്ട്. അര്‍മര്‍, അന്‍സാര്‍-ഉല്‍-തവ്ഹിദ് എന്ന ഭീകരസംഘടന സ്ഥാപിക്കുകയും അത് പിന്നീട് ഐഎസില്‍ ലയിപ്പിക്കുകയായിരുന്നു. ഛോട്ടാ മൗല, അന്‍ജാന്‍ ഭായ്, യൂസഫ് അല്‍ ഹിന്ദി തുടങ്ങിയ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്.

ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ചാണ് തങ്ങളുടെ ആശയം യുവാക്കളില്‍ അര്‍മര്‍ എത്തിച്ചിരുന്നത്. അര്‍മര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നപ്പോഴൊക്കെയും ഇയാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നുള്ള തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലും ഹരിദ്വാറിലെ കുംഭമേളയിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ടു എന്ന കേസില്‍ എന്‍ഐഎയുടെ കുറ്റപത്രം അര്‍മര്‍ക്കെതിരെ നിലവിലുണ്ട്.

അര്‍മര്‍ ഉള്‍പ്പെടെ മൂന്ന് ഐഎസ് ഭീകരരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഇവര്‍ക്കു യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതു മരവിപ്പിക്കും. കൂടാതെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇവരുമായുള്ള സാമ്പത്തിക വിനിമയവും സാധ്യമല്ലാതാവും. ഭീകരസംഘടനകള്‍, ലഹരിക്കച്ചവടക്കാര്‍ മുതലായവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരമുള്ള യുഎസ് സര്‍ക്കാര്‍ വിഭാഗമാണ് യുഎസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്‌മെന്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍