രക്ത പരിശോധനാ ഫലം വരുന്നതിനു മുന്‍പു തന്നെ, വ്യാജ പ്രചരണങ്ങള്‍ ധാരാളം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കാസര്‍കോട് ബദിയടുക്ക പഞ്ചായത്തിലെ കന്യപ്പാടിയിലുണ്ടായ പനിയുടെ ലക്ഷണങ്ങളോടുകൂടിയുള്ള മരണങ്ങളുടെ കാരണമെന്തെന്ന് സ്ഥിരീകരണമായില്ല. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാത്ത തരത്തിലുള്ള പനിയാണ് കന്യപ്പാടിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയതെന്ന പ്രാഥമിക നിഗമനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെങ്കിലും, പനിയ്ക്കു പിന്നിലെ കാരണമെന്തെന്നറിയാത്തതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍. കന്യപ്പാടിയിലെ സിദ്ദീഖിന്റെയും അസറുന്നിസയുടെയും നാലു വയസ്സുകാരനായ മകനും ആറുമാസം പ്രായമുള്ള മകളുമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പനി ബാധിച്ച് മരിച്ചത്. കുഞ്ഞുങ്ങള്‍ മരണപ്പെടുകയും, മാതാവ് അസറുന്നിസയ്ക്കും പനി ബാധിക്കുകയും ചെയ്തതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായിരുന്നെങ്കിലും, ജില്ലാ മെഡിക്കല്‍ ഓഫീസറടക്കം ആശങ്കപ്പെടേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയതോടെ ചെറിയ ആശ്വാസത്തിലാണിവര്‍.
പകര്‍ച്ചപ്പനിയുടെ ആശങ്ക നിലനില്‍ക്കുന്നില്ലെങ്കിലും, മരണപ്പെട്ട കുട്ടികളോട് നേരിട്ട് ബന്ധം പുലര്‍ത്തിയ അഞ്ചു പേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് മെഡിക്കല്‍ സംഘം. കുട്ടികള്‍ക്കൊപ്പം മംഗലാപുരത്തെ ഫാദര്‍ മുള്ളേഴ്സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അമ്മ അസറുന്നിസയെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അസറുന്നിസയ്ക്കും സിദ്ദീഖിനുമൊപ്പം സിദ്ദീഖിന്റെ പിതാവ്, അസറുന്നിസയുടെ സഹോദരന്‍, കുട്ടികളെ പരിചരിച്ച അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്നവരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിന്റെ ഭാഗമായി മാത്രമാണ് ഇവരെ പരിയാരത്തേക്കു മാറ്റിയിരിക്കുന്നതെന്നും, ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നുമാണ് അധികൃതരുടെ പ്രതികരണം. കുട്ടികളുടെയും അമ്മയുടെയും രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
ബദിയടുക്കയിലെ കന്യപ്പാടിയിലാണ് കുടുംബം താമസിക്കുന്നതെങ്കിലും, പുത്തിഗെ പഞ്ചായത്തിലുള്ള മുഗു റോഡിലെ ഉമ്മയുടെ വീട്ടില്‍ നിന്നാണ് കുട്ടികള്‍ക്ക് പനി ബാധിച്ചിരിക്കുന്നതെന്ന് അയല്‍വാസിയായ കരീം പറയുന്നു. കന്യപ്പാടിയിലെ അയല്‍ക്കാര്‍ അതുകൊണ്ടുതന്നെ പരിഭ്രാന്തരല്ലെന്നും, പനിയുടെ കാരണം കണ്ടെത്താത്തിന്റെ ആശങ്ക മാത്രമാണുള്ളതെന്നുമാണ് കരീമിന്റെ പക്ഷം. ‘മുഗു റോഡിലെ വീട്ടില്‍ നിന്നും പനി ബാധിച്ച്, അവിടെ നിന്നും കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ച്, അതിനു ശേഷം മംഗലാപുരത്തെ ഫാദര്‍ മുള്ളേഴ്സില്‍ വച്ചാണ് കുട്ടികള്‍ മരിക്കുന്നത്. അതുകൊണ്ട് ഇവിടെ ആരും പേടിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു. മാത്രമല്ല, ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തംഗങ്ങളും ഇവിടെ വന്ന് എല്ലാവരേയും കണ്ട് സംസാരിച്ചിരുന്നു. പനിയോ മറ്റോ വന്നാല്‍ സ്വയം ചികിത്സിക്കരുതെന്നും, തൊട്ടടുത്ത ആശുപത്രിയില്‍ പോകാനും പറഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും പറഞ്ഞു. അതു മാത്രമല്ല, യാത്ര ചെയ്യരുതെന്നും പനിയുടെ ലക്ഷണം കണ്ടാല്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളില്‍ പോകാതിരിക്കണമെന്നുമെല്ലാം പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടി പനിയുടെ കാരണമറിഞ്ഞാല്‍ കുഴപ്പമില്ലായിരുന്നു.’
കുറച്ചു ദിവസങ്ങളായി മുഗു റോഡിലെ ഉമ്മയുടെ വീട്ടിലായിരുന്നു കുട്ടികളെങ്കിലും, മൃതദേഹങ്ങള്‍ മറവു ചെയ്തിരിക്കുന്നത് കന്യപ്പാടി ജുമാ മസ്ജിദിലാണ്. തങ്ങളുടെ മുന്നില്‍ കളിച്ചു നടന്ന കുഞ്ഞുങ്ങളുടെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് കരീമടക്കം എല്ലാ അയല്‍വാസികളും. അതേസമയം, പുത്തിഗെ പഞ്ചായത്തിലും ബദിയടുക്ക പഞ്ചായത്തിലും കാര്യക്ഷമമായിത്തന്നെ ആരോഗ്യവിഭാഗം ഇടപെടല്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ട്. കന്യപ്പാടിയിലും മുഗു റോഡിലുമുള്ള പരിസരവാസികളുടെ വീടുകളിലെല്ലാം നേരിട്ടു സന്ദര്‍ശിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. മുഗു റോഡിലെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ സംഘവും മൈക്രോബയോളജിസ്റ്റുകളും ചേര്‍ന്ന് വെള്ളം, മണ്ണ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സാമ്പിള്‍ ശേഖരിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പകരുന്ന രോഗമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിന്റെ പുറത്താണിത്. ഇത്തരത്തില്‍ പകരുന്ന രോഗമാണെങ്കില്‍, പകര്‍ച്ച വ്യാധിയായിരിക്കില്ല എന്നതു തന്നെയാണ് പ്രധാന ആശ്വാസം.
വൈറസ് ബാധയല്ലെന്നും, എച്ച്1 എന്‍1, ഡങ്കി തുടങ്ങിയ രോഗങ്ങളല്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് മരണകാരണം എന്താണ് എന്നതില്‍ ആശങ്കയുണ്ടായത്. രക്ത പരിശോധനാ ഫലം വരുന്നതിനു മുന്‍പു തന്നെ, വ്യാജ പ്രചരണങ്ങള്‍ ധാരാളം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ വച്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ കള്‍ച്ചര്‍ ചെയ്തതില്‍ നിന്നും, ഭക്ഷണത്തിലൂടെയോ വെള്ളത്തിലുടെയോ രക്തത്തിലെത്താവുന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന മിലിയോഡിസീസ് എന്ന രോഗമാണ് കുട്ടികളുടെ മരണകാരണമെന്ന് തെളിഞ്ഞിട്ടുള്ളതായും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഒരു തരത്തിലുള്ള ആശങ്കയ്ക്കും ഇപ്പോള്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാംദാസ്. ജില്ലാ-സംസ്ഥാന മെഡിക്കല്‍ ടീമുകള്‍ ഏതു നിമിഷവും പ്രവര്‍ത്തനസജ്ജരായി രംഗത്തുണ്ടെന്നും, മണിപ്പാലില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇന്നു തന്നെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഡെപ്യൂട്ടി ഡി.എം.ഒ പ്രതികരിക്കുന്നു. ‘എല്ലാ ടീമുകളും സജീവമായാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റേറ്റ് സര്‍വെയിലന്‍സ് ടീമും ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങളൊന്നും നിലവിലില്ല. ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് പരിഭ്രാന്തിയുടെ ആവശ്യവുമില്ല. പുതിയതായി പനി ബാധിതരെയൊന്നും സംശയകരമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ബ്ലഡ് സാമ്പിളിന്റെ റിപ്പോര്‍ട്ട് വരുന്നതോടു കൂടി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.’ ഡോ. രാംദാസ് പറഞ്ഞു.