UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്ലട ഉള്‍പ്പെടെ വിവിധ അന്തര്‍സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപ

സംസ്ഥാനത്തേക്ക് വന്ന ചെറിയ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ കുടിശ്ശിക 25 കോടി രൂപയ്ക്കുമേലുണ്ടാവും

സുരേഷ് കല്ലട ഉള്‍പ്പെടെ വിവിധ അന്തര്‍സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരില്‍നിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപ. അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായിട്ടും നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2014 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ളതാണ് നികുതി കുടിശ്ശികയാണ് ലഭിക്കാനുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ള കാലയളവില്‍ കര്‍ണാടകയില്‍ നിന്നു വന്ന കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് മൂന്നുമാസത്തെ നികുതി 1540-ല്‍ നിന്ന് 4000 രൂപയായി ഉയര്‍ത്തി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച സുരേഷ് കല്ലട സ്റ്റേ സമ്പാദിച്ചു. 2016 ജൂലൈയില്‍ അന്തിമവിധി വരുന്നതുവരെ 1540 രൂപവെച്ചാണ് നികുതി അടച്ചത്.

നികുതിവര്‍ധന ശരിവെച്ച കോടതി മുന്‍കാലപ്രാബല്യത്തോടെ നികുതിയീടാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ബസുകള്‍ക്ക് പുറമേ ഇക്കാലയളവില്‍ സംസ്ഥാനത്തേക്ക് വന്ന ചെറിയ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ കുടിശ്ശിക 25 കോടി രൂപയ്ക്കുമേലുണ്ടാവും. നികുതി കുടിശ്ശിക അടയ്ക്കാതെ ഓടാനാണ് പല വാഹന ഓപ്പറേറ്റര്‍മാരും ശ്രമിക്കുന്നത്.

കുടിശ്ശികയുള്ള ബസുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തി രജിസ്‌ട്രേഷന്‍ മാറ്റി കബളിപ്പിക്കലും നടക്കുന്നുണ്ട്. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ ആന്ധ്രയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റും. കേരളത്തിലേക്ക് സര്‍വീസ് നടത്താനുള്ള സൗകര്യത്തിന് വീണ്ടും കര്‍ണാടകയിലെത്തിച്ച് റീ രജിസ്‌ട്രേഷന്‍ നടത്തും. അങ്ങനെ പുതിയ രജിസ്‌ട്രേഷന്‍ നമ്പറുമായി ഈ ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുകയാണ് ഇപ്പോള്‍.

പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍വച്ച് കുടിശ്ശിക വരുത്തിയ വാഹനങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍ എന്‍ജിന്‍, ഷാസി നമ്പറുകള്‍ വച്ച് ഈ വാഹനങ്ങള്‍ നികുതി കുടിശ്ശികയുള്ള പഴയ വാഹനങ്ങളാണെന്ന് കണ്ടെത്തിയെങ്കിലും ഉന്നതതല സ്വാധീനത്തില്‍ പലപ്പോഴും ഓപ്പറേറ്ററഉമാര്‍ രക്ഷപ്പെട്ടുപോവുകയാണ് പതിവ്.

Read: അന്തര്‍സംസ്ഥാന സര്‍വീസുകള്‍; ഇരുട്ടിന്റെ മറവില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ 

സുരേഷ് കല്ലടയിലെ യാത്രകാരെ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന പരിശോധനയിലാണ്. കല്ലട ഉള്‍പ്പെടെയുടെ അഞ്ഞൂറിലധികം ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ബസുകളുടെ നികുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് അയച്ചു. പണമടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍