UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം നമ്പര്‍ 1: ഇംഗ്ലീഷിന് പിന്നാലെ കേരള സര്‍ക്കാരിന്റെ പരസ്യം ഹിന്ദി പത്രങ്ങളിലും

കേരളത്തിന്റെ നേട്ടങ്ങള്‍ ഹിന്ദി സംസാരിക്കുന്ന ജനങ്ങളിലും എത്തിച്ച് ഇവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഈ പരസ്യത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു

അടുത്തിടെ ഏറെ ചര്‍ച്ചയായ കേരളം നമ്പര്‍ 1 പരസ്യം ഇന്ന് ഹിന്ദി പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. എന്തുകൊണ്ട് കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങളില്‍ അച്ചടിച്ചു വന്ന പരസ്യം.

മാനവ വികസന സൂചിക, സാക്ഷരത, ആയുര്‍ദൈര്‍ഘ്യം, സ്ത്രീ പുരുഷാനുപാതം, കുറഞ്ഞ ശിശുമരണ നിരക്ക്, ആരോഗ്യ പരിരക്ഷ, ടോയ്‌ലറ്റ് സൗകര്യം, ശുചിത്വം എന്നിവയില്‍ കേരളത്തിനുള്ള ഒന്നാം സ്ഥാനം കണക്കിലെടുത്താണ് ഈ പരസ്യം തയ്യാറാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ ഇതിന്റെ പ്രചരണം ഏറ്റെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പലരും തങ്ങളുടെ പ്രൊഫൈല്‍ പിക്ചര്‍ കേരളം നമ്പര്‍ വണ്‍ എന്ന ടാഗിനൊപ്പം ചേര്‍ത്തു. മണിക്കൂറുകള്‍ക്കകം പതിനായിരത്തിലേറെ പേര്‍ ഒത്തുചേര്‍ന്ന ഈ പ്രചരണം ഇപ്പോഴും തുടരുകയാണ്.

ഇതിനിടെയാണ് ഹിന്ദിയിലുള്ള പരസ്യം വന്നത്. ഹിന്ദി പരസ്യത്തിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ ഈ നേട്ടങ്ങള്‍ ഹിന്ദി സംസാരിക്കുന്ന ജനങ്ങളിലും എത്തിച്ച് ഇവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഈ പരസ്യത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തി ഇവിടെ സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഈ പരസ്യം വന്നിരിക്കുന്നത്. ബിജെപിയ്ക്ക് അധികാരമില്ലാത്ത കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് ജനങ്ങളില്‍ കൃത്യമായെത്തിക്കാമെന്നതാണ് ഈ പരസ്യത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍