UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ലാസില്‍ പതിവായി എത്താത്ത സ്‌കൂള്‍ കുട്ടികളെ പിടിക്കാന്‍ കേരള പോലീസ്!

ഇതിനായി അധ്യാപകര്‍ക്കു പുറമെ സ്‌കൂള്‍ ഹാജര്‍ നില പോലീസിനെയും അറിയിക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയറും തയാറാക്കിയിട്ടുണ്ട്

ക്ലാസില്‍ പതിവായി എത്താതെ മുങ്ങുന്ന സ്‌കൂള്‍ കുട്ടികളെ പിടിക്കാന്‍ പോലീസ്. ഇതിനായി അധ്യാപകര്‍ക്കു പുറമെ സ്‌കൂള്‍ ഹാജര്‍ നില പോലീസിനെയും അറിയിക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയറും ഡിപ്പാര്‍ട്ട്‌മെന്റ് തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. പല കുട്ടി കുറ്റവാളികളും സ്‌കൂള്‍ സമയത്ത് ക്ലാസില്‍ എത്താതെ മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. ഇത് വീട്ടിലോ സ്‌കൂളിലോ അറിയുന്നില്ല.

അതിനാല്‍ ഇനിമുതല്‍ പതിവായി സ്‌കൂളില്‍ എത്താത്ത കുട്ടികള്‍ക്ക് അതിനു വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസ് നിരീക്ഷണത്തിലാകും. ലഹരി ഉപയോഗത്തിനും മറ്റ് കേസുകളിലും ഉള്‍പ്പെട്ട് പോലീസ് താക്കീതു ചെയ്തു വിട്ടയച്ചിട്ടുള്ള കുട്ടികളുടെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഉദ്ദേശ്യമുണ്ട്.

സ്‌കൂളില്‍ പതിവായി എത്താത്ത കുട്ടികള്‍ ആരൊക്കെയെന്ന് പ്രത്യേകം തയാറാക്കിയ സോഫ്റ്റ്‌വെയറിലൂടെയായിരിക്കും പോലീസ് അറിയുക. ആദ്യ ഘട്ടത്തില്‍ തലസ്ഥാനത്തെ 10 സ്‌കൂളുകളിലാണ് സോഫ്റ്റ്വെയര്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷം തന്നെ എല്ലാ സ്‌കൂളുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. ഓരോ ദിവസത്തെയും ഹാജര്‍ നില കംപ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ടത് അധ്യാപകരാണ്.

കൂടാതെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകളില്‍ ക്യാമറ സ്ഥാപിക്കാനും ഇവ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തല്‍സമയം മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും ലഭ്യമാക്കാനുമുള്ള സംവിധാനം ഒരുക്കാനും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍