UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ വരില്ല; കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ ജനരക്ഷായാത്ര വീണ്ടും മാറ്റി

ഒക്ടോബറിലേക്കാണ് ജനരക്ഷായാത്ര മാറ്റിവച്ചിരിക്കുന്നത്

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ ജനരക്ഷായാത്ര വീണ്ടും മാറ്റി. ജനരക്ഷാ യാത്ര രണ്ടാം തവണയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത്തവണത്തെ യാത്രക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ഏതാണ്ട് പൂര്‍ത്തിയായി എന്നു നേതൃത്വം തന്നെ അവകാശപ്പെട്ടിരിക്കുമ്പോഴാണ്‌ യാത്ര മാറ്റിവെച്ചുവെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചത്. ഒക്ടോബറിലേക്കാണ് ജനരക്ഷായാത്ര മാറ്റിവച്ചിരിക്കുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.

സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നും ജനരക്ഷാ യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായി അടക്കം സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ സജീവമായ സ്ഥലങ്ങളില്‍ കൂടി യാത്ര കടന്നു പോകുമെന്നായിരുന്നു തീരുമാനം. ഈ സ്ഥലങ്ങളില്‍ നടക്കുന്ന യാത്രകളിലാണ് അമിത് ഷായും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്.

Also Read: കലാപം നടക്കുന്ന, കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഒരിടത്തും പോകാതെ അമിത് ഷാ എന്തിനാണ് കേരളത്തിലേക്ക് വരുന്നത്?

കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി ജനരക്ഷായാത്രയെ തുടര്‍ന്ന് രണ്ടു മേഖലാ ജാഥകളുമായി എല്‍ഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫും ജാഥ നടത്തുമെന്നാണ് സൂചന. അതു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാകണമോ അതോ മുന്നണിയുടേതാകണമോ എന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

അതേസമയം കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അമിത് ഷാ കേരളപര്യടനം നടത്തുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. എല്ലാവര്‍ക്കും ജീവിക്കണം എന്നാണ് ബിജെപി ജാഥയുടെ മുദ്രാവാക്യം. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്‌നങ്ങളുമുള്ളതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍