UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്കെതിരെ കെയുഡബ്ല്യൂജെയുടെ പ്രതിഷേധം

വാര്‍ത്ത തേടിയെത്തുക മാധ്യമപ്രവര്‍ത്തകരുടെ സ്വാഭാവികമായ രീതിയും അവകാശവുമാണ്. അതിന് ആരും ക്ഷണിക്കേണ്ടതില്ല

ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശകാരിച്ച് ഇറക്കിവിട്ട മുഖ്യമന്ത്രിയുടെ നടപടിയില്‍ കെയുഡബ്ല്യൂജെ പ്രതിഷേധം അറിയിച്ചു. സര്‍ക്കാരിന്റെ പൊതു അറിയിപ്പുണ്ടായത് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത തേടിയെത്തിയതെന്നും അവര്‍ എവിടെയും അനധികൃതമായി കടന്നുകയറുകയോ അതിക്രമിച്ചു കടക്കുകയോ ചെയ്തിട്ടില്ലെന്നും കെയുഡബ്ല്യൂജെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്ത തേടിയെത്തുക മാധ്യമപ്രവര്‍ത്തകരുടെ സ്വാഭാവികമായ രീതിയും അവകാശവുമാണ്. അതിന് ആരും ക്ഷണിക്കേണ്ടതില്ല. കേരളം കാത്തിരിക്കുന്ന ഒരു പ്രധാന യോഗത്തിന് മുഖ്യമന്ത്രി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമായിരുന്നു ക്യാമറാമാന്മാരുടെ ഉദ്ദേശം. ഇത് യോഗത്തിലെ ചര്‍ച്ചകളുടെ സ്വകാര്യതയെ ബാധിക്കുന്നതല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. യോഗത്തിന് അകത്തേക്ക് ആരും അതിക്രമിച്ച് കടന്നുകൂടാനും പോകുന്നില്ല. എല്ലാത്തരം ഉന്നതയോഗങ്ങളുടെയും തുടക്കത്തിലുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നതും വാര്‍ത്ത നല്‍കുന്നതും ഏറ്റവും സാധാരണമായ കാര്യമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയും കടുത്ത ഭാഷയില്‍ പ്രതികരിച്ചത് അവഹേളനമായി. യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെങ്കില്‍ അത് നേരത്തെ അറിയിക്കുകയും മാധ്യമങ്ങള്‍ വന്നപ്പോള്‍ തന്നെ കാര്യങ്ങള്‍ പറയുകയും വേണമായിരുന്നു. എന്നിരിക്കെ ഇത്രയും പ്രകോപനം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഖേദകരമാണ്.

പ്രസ് സെക്രട്ടറി മുഖേനയോ ഉദ്യോഗസ്ഥര്‍ മുഖേനയോ മാധ്യമപ്രവര്‍ത്തകരെ മാന്യമായി മാറ്റി നിര്‍ത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. മാധ്യമ സാക്ഷരത ഏറെയുള്ള കേരളത്തിലെങ്കിലും ഹൃദ്യമായ ജനാധിപത്യ സൗഹൃദം വാര്‍ത്താശേഖരണത്തിലും റിപ്പോര്‍ട്ടിംഗിലും നല്‍കേണ്ടതുണ്ട്. ആ സുതാര്യത നമ്മുടെ സവിശേഷത തന്നെയാണ്. സാധാരണ വാര്‍ത്തകളുടെ ശേഖരണം പോലും അസാധ്യമാക്കുന്ന സമീപനം ജനനായകര്‍ തന്നെ സ്വീകരിച്ചാല്‍ ഇത്തരം അവഹേളനങ്ങള്‍ ഈ തൊഴില്‍ മേഖലയെ എവിടെയും സംഘര്‍ഷഭരിതമാക്കുന്ന സ്ഥിതിയാകും. ഇത് ഒഴിവാക്കപ്പെടണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാകണമെന്നാണ് കെയുഡബ്ല്യൂജെയുടെ ആവശ്യം. പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തുറന്നു പറയണമെന്നും കെയുഡബ്ല്യൂജെ പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍