UPDATES

ട്രെന്‍ഡിങ്ങ്

‘ഡെവിള്‍സ് അഡ്വക്കേറ്റ്‌’ രാം ജത്ലാനി വിരമിക്കുന്നു

വിരമിക്കുന്നത് 95 വയസ് പൂര്‍ത്തിയാകുന്ന സെപ്തംബര്‍ 14ന്‌

സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്ലാനി വിരമിക്കല്‍ പ്രഖ്യാപിച്ചു. തനിക്ക് 95 വയസ്സ് പൂര്‍ത്തിയാകുന്ന സെപ്തംബര്‍ 14ന് വിരമിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ‘Devil’s Advocate എന്നായിരുന്നു അദ്ദേഹത്തെ പലരും വിളിച്ചിരുന്നത്.

76 വയസ്സ് പൂര്‍ത്തിയായപ്പോള്‍ തന്നെ അഭിഭാഷക വൃത്തിയില്‍ നിന്നും രാജിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. വിരമിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് താന്‍ ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ ഹാജരാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്ക് എന്റെ ജീവിതത്തിലെ ചില പ്രധാന കടമകള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. എനിക്ക് ഈ രാജ്യത്തെ അഴിമതി രാഷ്ട്രീയത്തില്‍ നിന്നും രക്ഷപ്പെടുത്തണം. എന്നെ സമീപിക്കുന്ന ഏതൊരു അഭിഭാഷകനെയും സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് അഴിമതിക്കെതിരെ പോരാടണം’ എന്ന് പിന്നീട് അദ്ദേഹം ലൈവ് ലോയോട് പറഞ്ഞു. ഈ ആഴ്ച ആദ്യം ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ സര്‍വീസ് കേസില്‍ ഹാജരായപ്പോള്‍ ഇത് തന്റെ അവസാന കേസ് ആയിരിക്കുമെന്നും വേറെ കേസുകളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം സുപ്രിംകോടതിയില്‍ അറിയിച്ചിരുന്നു.

ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായ ജെട്ട്മലാനി സുപ്രിംകോടതിയില്‍ ഏറ്റവുമധികം ഫീസ് വാങ്ങുന്ന അഭിഭാഷകനാണ്. രാജ്യത്തെ ഒട്ടനവധി പ്രമാദവും പ്രമുഖവുമായ കേസുകളില്‍ ഇദ്ദേഹം ഹാജരായിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു. കോടതിയിലെയും രാഷ്ട്രീയ വൃത്തങ്ങളിലെയും ഇദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

സുപ്രിംകോടതി ബാറിന് ജെത്മലാനിയുടെ അസാന്നിധ്യം വലിയ നഷ്ടമായിരിക്കുമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്‌സിബിഎ) പ്രസിഡന്റ് ആര്‍എസ് സൂരി പറഞ്ഞു. അദ്ദേഹം ഈ രാജ്യത്തെ ഏതൊരു അഭിഭാഷകനും പ്രചോദനമാണ്. നിയമ അധ്യാപകനെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരുന്നുവെന്നും സൂരി വ്യക്തമാക്കി. മഹാനായ അഭിഭാഷകനും സഹായം തേടിയെത്തുന്ന ഏതൊരു അഭിഭാഷകനെയും സഹായിക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു അഭിഭാഷകന്‍ മാത്രമല്ല, നിയമപോരാളി കൂടിയായിരുന്നുവെന്നും സൂരി കൂട്ടിച്ചേര്‍ത്തു.

പരുന്തിന്റെ പറക്കലില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകും എന്നാല്‍ അത് കാണുന്ന മനുഷ്യന് പരുന്ത് എപ്പോഴും ഉയരത്തില്‍ തന്നെയായിരിക്കും. ഒരു പ്രതിഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. രാജ്യസഭ എംപിയും മുന്‍ മന്ത്രിയുമൊക്കെയായ ജെത്മലാനിയുടെ ജീവിതത്തിലും വിവാദങ്ങള്‍ പലപ്പോഴും കടന്നുപോയിട്ടുണ്ടെങ്കിലും അതില്‍ നിന്നൊന്നും ഒളിച്ചോടുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. അപ്രതീക്ഷിതമായ വിധികളില്‍ നിന്നുപോലും അദ്ദേഹം പിന്തിരിഞ്ഞ് ഓടിയില്ല.

താന്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുണ്ടെങ്കിലും 90 ശതമാനം സേവനവും സൗജന്യമായിരുന്നുവെന്ന് ജത്മലാനി പറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ട്രിപ്പിള്‍ പ്രമോഷന്‍ ലഭിച്ച അദ്ദേഹം 17-ാം വയസ്സില്‍ നിയമബിരുദം നേടി. ഏറ്റവും ചെറിയ പ്രായത്തില്‍ അഭിഭാഷകനായ വ്യക്തിയാണ് ജെത്മലാനി. ആദ്യ കക്ഷിയില്‍ നിന്നും ഒരു രൂപയാണ് ഫീസ് വാങ്ങിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഘാതകര്‍ക്കായി വാദിച്ചും ഹര്‍ഷദ് മേത്ത, കേതന്‍ പരേഖ് എന്നിവരുടെ കേസ് ഏറ്റെടുത്തും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് എതിരെയുള്ള കേസ് വാദിച്ചും അദ്ദേഹം അഭിഭാഷകന്‍ എന്ന തന്റെ പ്രൊഫഷനോട് നീതി പുലര്‍ത്തി.

2ജി സ്‌പെക്ട്രം കേസില്‍ ഡിഎംകെ എംപി കനിമൊഴി, യുണിടെക് എംഡി സഞ്ജയ് ചന്ദ്ര എന്നിവര്‍ക്ക് വേണ്ടിയും ഹാജരായത് ഇദ്ദേഹമാണ്. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം അദ്ദേഹത്തിന് സുഹൃത്തുക്കളെയും ശത്രുക്കളെയും ഒരുപോലെ നേടിക്കൊടുത്തു. മന്ത്രിയായിരുന്നപ്പോള്‍ തനിക്ക് അനുവദിച്ച അംബാസഡര്‍ കാര്‍ ഒഴിവാക്കി സ്വന്തം ബെന്‍സില്‍ തന്നെ സഞ്ചരിച്ചു. ആരെങ്കിലും പൊതുഅഭിപ്രായത്തിനെതിരെ നിന്നിട്ടുണ്ടെങ്കില്‍ അത് രാം ജെത്മലാനി ആയിരിക്കും. ഒരു രാഷ്ട്രീയ പക്ഷവുമില്ലാതെ തന്റെ നിലപാടുകളില്‍ അദ്ദേഹം എന്നും ഉറച്ചുനിന്നു. പ്രണയിക്കാന്‍ പ്രായം തടസ്സമല്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നതിനൊപ്പം ദൈവം എന്തിന് ലോകം സൃഷ്ടിച്ചുവെന്നും അദ്ദേഹം ചോദിച്ചു. കുട്ടികള്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോള്‍ ദൈവത്തിനെന്തുപറ്റിയെന്ന് തനിക്ക് തോന്നുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് ലൈവ് ലോ പറയുന്നു. ഇത്ര ക്രൂരനാണോ ദൈവം?

1988-ലാണ് ആദ്യമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്. അന്നുമുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ട്. 1996ല്‍ വാജ്‌പേയി സര്‍ക്കാരില്‍ നിയമ, നീതിന്യായ, കമ്പനികാര്യ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 98ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ രണ്ടാം കാലഘട്ടത്തില്‍ നഗരകാര്യ, തൊഴില്‍ മന്ത്രിയായി. 99ല്‍ വീണ്ടും നിയമ, നീതിന്യായ, കമ്പനികാര്യ വകുപ്പ് മന്ത്രിയാകുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ആദര്‍ശ് സെയ്ന്‍, അറ്റോണി ജനറല്‍ സോളി സൊറാബ്ജി എന്നിവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പ്രധാനമന്ത്രി രാം ജെത്മലാനിയോട് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ ആഭ്യന്തരമന്ത്രി എല്‍കെ അദ്വാനിയുടെ താല്‍പര്യപ്രകാരം വീണ്ടും മന്ത്രിസഭയിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍