UPDATES

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്: ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പോലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും ബെഹ്‌റ വ്യക്തമാക്കി. പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പോലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം, ‘അസോസിയേഷന്‍ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പോലീസുകാരന്‍ സമ്മതിച്ചു.

പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാര്‍ക്ക് തങ്ങള്‍ക്ക് സൗകര്യമുള്ള വിലാസത്തില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വരുത്താം. ഇത് മുതലെടുത്താണ് പോലീസ് അസോസിയേഷന്‍ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടല്‍. തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടും.

സംശയം വരാതിരിക്കാന്‍ എല്ലാ പോസ്റ്റല്‍ ബാലറ്റുകളും ഒരു വിലാസത്തിലേക്കല്ല, പകരം പല വിലാസങ്ങളിലേക്കാണ് അയപ്പിക്കുന്നത്. അന്വേഷണം ചെന്നെത്തിയത് വട്ടപ്പാറ പോസ്റ്റ് ഓഫീസിലാണ്. തൃശൂര്‍ ഐആര്‍ ബറ്റാലിയനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ വിലാസത്തില്‍ എത്തിയത് നാല് പോസ്റ്റല്‍ ബാലറ്റുകള്‍. പോസ്റ്റ് മാസ്റ്റര്‍ ഇത് സ്ഥിരീകരിച്ചു. ചോദിച്ചപ്പോള്‍ ബാലറ്റുകളെത്തിയത് പോലീസുകാരനും സമ്മതിച്ചു.

ഇതുപോലെ, പല ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി പോസ്റ്റല്‍ ബാലറ്റുകള്‍ എത്തി’ എന്നാണ് പ്രതിപക്ഷവും ഇപ്പോള്‍ പരാതിപ്പെടുന്നത്. അതേസമയം ഈ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് സിപിഎം

ഉന്നത വിദ്യാഭ്യാസമുള്ളവരാണ് കേരള പൊലീസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അവരെ കൂട്ടത്തോടെ കബളിപ്പിച്ചുകൊണ്ട് പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടത്താമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം പ്രതികരിച്ചത്.

പോസ്റ്റല്‍ ബാലറ്റില്‍ അസോസിയേഷന്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് കേരളാ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനിലും പ്രതികരിച്ചിട്ടുണ്ട്. എല്ലാവരും വോട്ട് ചെയ്യണമെന്ന് പറഞ്ഞതിലപ്പുറം ആരുടെയും പോസ്റ്റല്‍ ബാലറ്റില്‍ അസോസിയേഷന്‍ ഇടപെട്ടിട്ടില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് ഉറപ്പുണ്ടെന്നും അനില്‍ വ്യക്തമാക്കി.

വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ പോലീസിലെ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നും കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍