UPDATES

വാര്‍ത്തകള്‍

വടകരയിലെ പി ജയരാജന്റെ തോല്‍വി സിപിഎമ്മില്‍ പൊട്ടിത്തെറിയാകുമോ?

ശക്തികേന്ദ്രങ്ങളായ തലശ്ശേരിയിലും കൂത്തുപറമ്പിലും പോലും പ്രതീക്ഷിച്ച ഭൂരിപക്ഷത്തിലേക്ക് ഉയരാന്‍ സിപിഎമ്മിന് സാധിക്കാതിരുന്ന സാഹചര്യത്തിലാണ് എഴുപത്തിനാലായിരത്തില്‍പ്പരം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിലുള്ള കെ.മുരളീധരന്റെ മുന്നേറ്റം.

എക്സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവച്ചുകൊണ്ട്, വടകര ലോക്സഭാ മണ്ഡലത്തെ യു.ഡി.എഫിന്റെ കെ.മുരളീധരന്‍ പ്രതിനിധീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ആദ്യ ഘട്ടം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന മണ്ഡലമാണ് വടകര. ശക്തികേന്ദ്രങ്ങളായ തലശ്ശേരിയിലും കൂത്തുപറമ്പിലും പോലും പ്രതീക്ഷിച്ച ഭൂരിപക്ഷത്തിലേക്ക് ഉയരാന്‍ സിപിഎമ്മിന് സാധിക്കാതിരുന്ന സാഹചര്യത്തിലാണ് എഴുപത്തിനാലായിരത്തില്‍പ്പരം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിലുള്ള കെ.മുരളീധരന്റെ മുന്നേറ്റം. വിജയപ്രതീക്ഷ നേരത്തേ തന്നെ മുരളീധരനടക്കമുള്ളവര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അട്ടിമറി വിജയങ്ങളിലൊന്നായാണ് വടകരയിലേത് കണക്കാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ക്കു തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വവും തര്‍ക്കങ്ങളും വടകര സിപിഎം തിരിച്ചു പിടിച്ചേക്കും എന്ന സാധ്യതയുയര്‍ത്തിയിരുന്നു.

സി.പി.എം സ്ഥാനാര്‍ത്ഥിയായി പി. ജയരാജനെ പ്രഖ്യാപിച്ചപ്പോഴും, അവസാന ഘട്ടത്തിലാണ് യു.ഡി.എഫിനു വേണ്ടി ആരു കളത്തിലിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും വടകരയില്‍ മത്സരിക്കില്ല എന്നുറപ്പിച്ചതോടെ, പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ യു.ഡി.എഫ് പാളയം അല്‍പം പ്രയാസപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചരണവും നേരത്തേ ആരംഭിച്ചതിന്റെ മുന്‍തൂക്കവും സി.പി.എമ്മിനൊപ്പമുണ്ടായിരുന്നു എന്നതാണ് വാസ്തവം. വടകരയിലെ സ്വാധീന ശക്തികളിലൊന്നായ ആര്‍.എം.പിയും മത്സരത്തിനിറങ്ങിയേക്കും എന്ന അഭ്യൂഹങ്ങളും മണ്ഡലത്തെ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നു. പി. ജയരാജനും കെ.കെ. രമയും മുഖാമുഖം ഏറ്റുമുട്ടിയേക്കുമെന്ന ഘട്ടവും വടകരയിലുണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ കൂടിയായ കെ. മുരളീധരനെ വടകരയില്‍ നിന്നും മത്സരിപ്പിക്കാനുള്ള നിര്‍ണായക തീരുമാനത്തിലെത്തുകയായിരുന്നു യു.ഡി.എഫ്. ആര്‍.എം.പിയുടെ പിന്തുണയും യു.ഡി.എഫിനായിരുന്നു.

മുരളീധരന്‍ മത്സരരംഗത്തിറങ്ങിയതോടെ, വടകരയില്‍ കോലീബി സഖ്യം ആവര്‍ത്തിക്കും എന്ന നിരീക്ഷണങ്ങളും ശക്തമായിരുന്നു. വടകരയില്‍ കെ. മുരളീധരനെ പിന്തുണച്ച്, പകരം വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവനു ലഭിച്ചിട്ടുള്ള വോട്ടുകളുടെ എണ്ണവും വടകരയില്‍ ബി.ജെ.പിക്കുള്ള വോട്ടു ഷെയറും പരിഗണിക്കുമ്പോള്‍, ബി.ജെ.പി പാളയത്തില്‍ നിന്നും വോട്ടുകള്‍ യു.ഡി.എഫിന് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എം.പി വീരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡിയ്ക്കും വടകര മണ്ഡലത്തില്‍ നിര്‍ണായകമായ വോട്ടു ഷെയറുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍.ഡി.എഫ് പാളയത്തിലെത്തിയ എല്‍.ജെ.ഡിയില്‍ നിന്നും വോട്ടു ചോര്‍ച്ച ഉണ്ടായതായും വിലയിരുത്തലുണ്ട്. വടകരയിലെ സീറ്റിനു മേല്‍ എല്‍.ജെ.ഡി നേരത്തേ അവകാശവാദമുന്നയിച്ചിരുന്നു.

കുറ്റ്യാടി, നാദാപുരം തുടങ്ങി മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലകളിലും കെ. മുരളീധരന് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചതാണ് തന്റെ വിജയത്തിനു കാരണമെന്നാണ് കെ.മുരളീധരന്റെ പ്രതികരണം. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമെന്നും, ചെറിയ ഭൂരിപക്ഷത്തിനു മാത്രം വിജയം നിര്‍ണയിക്കപ്പെടുമെന്നും വിലയിരുത്തപ്പെട്ട വടകര മണ്ഡലത്തില്‍ കെ. മുരളീധരന്‍ ഏകപക്ഷീയമായ വിജയം നേടുമ്പോള്‍, സി.പി.എമ്മിന് കൈമോശം വന്നിരിക്കുന്നത് അഭിമാനപ്പോരാട്ടമായി കണ്ടിരുന്ന ഒരു മണ്ഡലം തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍