UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സെന്റ് എംഎല്‍എ അറസ്റ്റില്‍

നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സന്റിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്ന് രാവിലെ വിന്‍സന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടമ്മ നല്‍കിയ പരാതിയില്‍ കാമ്പുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ സംഘം എംഎല്‍എയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ എംഎല്‍എ വീട്ടമ്മയെ 300ലേറെ തവണ ഫോണില്‍ വിളിച്ചതായാണ് കണ്ടെത്തിയത്.

എംഎല്‍എ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്നുവെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് 52കാരിയായ വീട്ടമ്മയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ ഇരുവരും പരസ്പരം വിളിച്ചിട്ടുള്ളതായി കണ്ടെത്തി. ഇന്നലെ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. എംഎല്‍എ പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ വിഷാദരോഗത്തിനുള്ള ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. ഫോണ്‍ സംഭാഷണങ്ങളെക്കൂടാതെ വൈദ്യപരിശോധനയും എംഎല്‍എയ്ക്ക് എതിരാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം വീട്ടമ്മയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നെന്നുമാണ് എംഎല്‍എ ഇന്ന് രാവിലെയും അന്വേഷണസംഘത്തോട് പറഞ്ഞിരുന്നത്. ഇവര്‍ മാനസിക രോഗിയാണെന്നും ആരോപിച്ചു. അവര്‍ തന്നെ വിളിച്ചതിന്റെ കോള്‍ ലിസ്റ്റുകള്‍ ഉള്‍പ്പെടെയാണ് എംഎല്‍എ ചോദ്യം ചെയ്യലിനെത്തിയത്. അവര്‍ തന്നെയാണ് കൂടുതലും വിളിച്ചതെന്നും തന്റെ കോളുകള്‍ രണ്ട് മിനിറ്റില്‍ അധികം നീണ്ടിട്ടില്ലെന്നും സ്ഥാപിക്കാന്‍ ഇതിലൂടെ സാധിച്ചു. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട മറ്റ് ചില ചോദ്യങ്ങള്‍ക്ക് എംഎല്‍എയ്ക്ക് ഉത്തരമുണ്ടായില്ല. ഇതോടെ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി എംഎല്‍എയെ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയെങ്കിലും സ്വന്തം വാഹനത്തിലെത്താമെന്നാണ് എംഎല്‍എ മറുപടി പറഞ്ഞത്. തുടര്‍ന്ന് പോലീസ് ക്ലബ്ബിലെത്തിയയുടന്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എസ്പി അജിത ബീഗം കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ എത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും റിമാന്‍ഡിന് അപേക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

അതേസമയം വിന്‍സന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒട്ടനവധി കേസുകളില്‍ കാണാത്ത ശുഷ്‌കാന്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ കാണുന്നത് ഈ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണോയെന്ന സംശയമുണ്ടാക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍