UPDATES

മന്‍ കീ ബാത്ത്: ഒരു തരത്തിലുള്ള അക്രമങ്ങളും രാജ്യത്ത് അനുവദിക്കില്ലെന്ന് മോദി

മഹാത്മഗാന്ധിയുടെയും ശ്രീ ബുദ്ധന്റെയും നാടാണ് ഇന്ത്യ-മോദി

ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രൂക്ഷ പ്രതികരണവുമായി മന്‍ കീ ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മഹാത്മഗാന്ധിയുടെയും ശ്രീ ബുദ്ധന്റെയും നാടാണ് ഇന്ത്യ. ഒരു തരത്തിലുള്ള അക്രമങ്ങളും ഈ രാജ്യത്ത് അനുവദിക്കില്ല. നിയമം കൈയിലെടുത്ത് ചിലര്‍ അക്രമം നടത്തുകയാണ് ഇത് അനുവദിക്കില്ല’ എന്നാണ് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. അതേ സമയം, സ്വകാര്യത മൌലികാവകാശമാണെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി മോദിയുടെ മന്‍ കി ബാത്തില്‍ ഇടം കണ്ടേയില്ല.

ഗുര്‍മീതിനും അനുയായികള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും മടിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് ഗുര്‍മീതിനെയോ അയാളുടെ പ്രസ്ഥാനത്തെയോ പേരെടുത്ത് പറയാതെ മോദി വിമര്‍ശനം നടത്തിയിരിക്കുന്നത്. വിശ്വാസം, രാഷ്ട്രീയം, മതം എന്നിവയുടെ പേരിലുള്ള ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പ്രത്യശാസ്ത്രത്തിലോ പാരമ്പര്യത്തിലോ സമൂഹത്തിലോ അധിഷ്ഠിതമായ വിശ്വാസമാകട്ടെ അതിന്റെ പേരിലുള്ള നിയമം കയ്യിലെടുക്കല്‍ അനുവദിക്കില്ല. കലാപം സൃഷ്ടിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി മുന്നറിയിപ്പ് നല്‍കുന്നു. കോടതി വിധിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ 36 പേരാണ് കൊല്ലപ്പെട്ടത്.

ആക്രമങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെയും ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. വോട്ട് ബാങ്ക് പ്രീണനത്തിനായുള്ള രാഷ്ട്രീയ കീഴടങ്ങലാണ് ഹരിയാന സര്‍ക്കാര്‍ നടത്തിയതെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വാക്കാലുള്ള കുറ്റപ്പെടുത്തല്‍. ക്രമസമാധാന പ്രശ്‌നത്തില്‍ ആശങ്ക ഉന്നയിച്ച് ഒരാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്നലെ അവധിയായിട്ടും കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍