UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് വീട് കൊള്ളയടിച്ചു

ശരീരമാസകലം മര്‍ദ്ദനമേറ്റ ഇവരെ പോലീസ് എത്തിയാണ്‌ ആശുപത്രിയിലേക്ക് മാറ്റിയത്.

മാതൃഭൂമി പത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും മര്‍ദിച്ച് അവശരാക്കി കെട്ടിയിട്ടശേഷം കൊള്ളയടിച്ചു. ഇന്നലെ (06-09-2018) പുലര്‍ച്ചെ ഒന്നരയോടെ മുഖംമൂടി ധരിച്ച അഞ്ചംഗ സംഘമാണ് കൊളള നടത്തിയത്. കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണവും 15,000 രൂപയും സാധനങ്ങളുമാണ് സംഘം കവര്‍ന്നതെന്ന് മാത്യഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് വിനോദ് പറയുന്നത്- രാത്രി ഒന്നരയോടെ വാതിലില്‍ ശക്തമായി ഇടിക്കുന്ന ശബ്ദംകേട്ട് കിടപ്പുമുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മുഖമൂടിധാരികളായ അഞ്ചുപേരുടെ സംഘം വീട്ടിനുള്ളിലുണ്ടായിരുന്നു. തന്നെയും ഭാര്യയെയും മര്‍ദ്ദിച്ച് അവശരാക്കി വീടിന്റെ രണ്ടുഭാഗത്തായി കെട്ടിയിട്ടു. ശ്വാസമെടുക്കാന്‍പോലും പ്രയാസമുള്ള രീതിയിലായിരുന്നു മുഖം കെട്ടിയത്. വീട്ടിലെ അലമാരകളെല്ലാം തകര്‍ത്ത് കവര്‍ച്ച നടത്തി. പേഴ്സിലും ബാഗിലുമുണ്ടായിരുന്ന പണവും എടുത്തു. മൂന്ന് മൊബൈല്‍ ഫോണ്‍, എ.ടി.എം. കാര്‍ഡുകള്‍ എന്നിവയെല്ലാം നഷ്ടമായി.

ഹിന്ദി ഭാഷയില്‍ സംസാരിക്കുന്ന അവര്‍ ഭാര്യയെ കൊല്ലാതെ വിടണമെങ്കില്‍ പത്തുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടുമണിക്കൂറിലേറെ വീട്ടിനുള്ളിലുണ്ടായിരുന്നു സംഘം മോഷണത്തിനുശേഷം വാഹനം വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടത്. മോഷണസംഘം പോയതിനുശേഷം ഏറെ ശ്രമിച്ച് കെട്ടഴിക്കാന്‍ വിനോദിന്‌ കഴിഞ്ഞപ്പോള്‍ പോലീസില്‍ അറിയിച്ചതുകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. ശരീരമാസകലം മര്‍ദ്ദനമേറ്റ ഇവരെ പോലീസ് എത്തിയാണ്‌ ആശുപത്രിയിലേക്ക് മാറ്റിയത്.

കൃത്യമായ ആസ്രൂത്രണത്തോടെയാണ് സംഘം എത്തിയതെന്നാണ് കവര്‍ച്ച രീതിയില്‍ നിന്ന് മനസ്സിലാവുന്നത്. വിനോദ് ചന്ദ്രന്റെ വീടിനടുത്തുള്ള ഡോ. സോണിയുടെ വീടായിരുന്നു ഇവരുടെ ലക്ഷ്യം. രണ്ടാഴ്ചയായി ആള്‍ത്താമസമില്ലാത്ത വീടായിരുന്നു ഇത്. സോണിയയുടെ വീട്ടില്‍ സംഘം ഒന്നര മണിക്കൂറോളം തങ്ങി എല്ലാം പരിശോധിച്ചിട്ടും ഇവിടെ നിന്ന് പ്രതീക്ഷിച്ചത്ര കവര്‍ച്ച നടത്താന്‍ സാധിക്കാത്തതിനാലാണ് വിനോദ് ചന്ദ്രന്റെ വീട്ടിലേക്ക് കയറുന്നത്.

കേരളത്തില്‍ എറണാകുളം പോലുള്ള ചില സ്ഥലങ്ങളില്‍ മാത്രമാണ് സമാനതയുള്ള കവര്‍ച്ച മുമ്പ് നടന്നിട്ടുള്ളത്. ഇത്ര ആസൂത്രിതമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവം കണ്ണൂരില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ രീതിയില്‍ മോഷണം നടത്തുന്ന ഗ്യാങ്ങിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കവര്‍ച്ച നടത്തുന്നതിനിടെ കണ്ടുപിടിക്കപ്പെടുമ്പോള്‍ ആക്രമിക്കുന്ന രീതിയുണ്ടായിട്ടുണ്ട്.

വിനോദ് ചന്ദ്രന്‍ താമസിക്കുന്ന വീടിന്റെ വാതില്‍ വലിയ മരക്കഷണം ഉപയോഗിച്ചാണ് അടിച്ച് തുറന്നത്. കവര്‍ച്ചയ്ക്ക് മുന്‍പേ വീട്ടിലുള്ളവരെ അക്രമിക്കുകയുംചെയ്തു. ആയുധങ്ങളുമായാണ് സംഘമെത്തിയത്. ഇതൊക്കെ കണ്ണൂരില്‍ പരിചയമില്ലാത്ത കവര്‍ച്ചാരീതിയാണ്. മറുനാടന്‍ സംഘമാണ് ഇത്തരം കവര്‍ച്ചാ രീതി സ്വീകരിക്കാറുള്ളതെന്നാണ് പോലീസ് പറയുന്നത്. കവര്‍ച്ചക്ക് പിന്നില്‍ ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിമേഖലയിലുള്ള ഒരു സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ ലോഡ്ജുകളില്‍ കഴിഞ്ഞദിവസങ്ങളില്‍ താമസിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കവര്‍ച്ച നടന്ന വീടിന് 100 മീറ്റര്‍ അകലെയായി റോഡില്‍ സ്ഥാപിച്ചിട്ടു സി.സി.ടി.വി.യില്‍ ഒരു ഇന്‍ഡിക്ക കാര്‍ പോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കള്‍ ഇതിലാണ് രക്ഷപ്പെട്ടതെന്നാണ് സംശയിക്കുന്നത്. ഈ കാര്‍ എങ്ങോട്ടാണ് പോയതെന്നറിയാന്‍ ദേശീയപാതയിലും മറ്റും സ്ഥാപിച്ച ക്യാമറകളും പരിശോധിക്കുന്നുണ്ട്.

ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ 21 അംഗ ടീമാണ് അന്വേഷിക്കുന്നത്. കണ്ണൂര്‍ ടൗണ്‍, സിറ്റി സി.ഐ.മാരും മൂന്ന് എസ്.ഐ.മാരും സംഘത്തിലുണ്ട്. ഒരോ ചെറുഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും വീട്ടില്‍ എത്തി പരിശോധന നടത്തിയിരുന്നു.

(ചിത്രങ്ങള്‍ – മാതൃഭൂമി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍